കാലവര്‍ഷം; മലയോര മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ
പുനലൂര്‍: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കിഴക്കന്‍ മലയോര മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും ശക്തമായ കാറ്റില്‍ വാഹനങ്ങളുടെ മുകളില്‍ മരങ്ങള്‍ വീണുമാണ് അപകടങ്ങളില്‍ ഏറെയും.
കഴിഞ്ഞ ദിവസം കലയനാട് ജങ്ഷനിലുണ്ടായ അപകടത്തില്‍ തിരുനെല്‍വേലിയില്‍ നിന്നും സിമന്റ് കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ പഴനിവേലിന് നിസാര പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രിയില്‍ ആര്യങ്കാവിലെ പാലരുവി ജങ്ഷനില്‍ നിറുത്തിയിട്ടിരുന്ന തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിന് മുകളില്‍ കൂറ്റന്‍ തേക്കുമരം കടപുഴകിവീണ് യാത്രക്കാരനായ തെങ്കാശി സ്വദേശി മുത്തുരാമന് പരുക്കേറ്റിരുന്നു. ഇതേദിവസം തന്നെ കൊട്ടാരക്കരയില്‍ ഗവ. ഗസ്റ്റ് ഹൗസ് വളപ്പിലെ വാകമരം കാറിന് മുകളില്‍ വീണുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ആഴ്ച ഒറ്റക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് പിക്കപ്പ് വാന്‍ റോഡില്‍ തെന്നിമറിഞ്ഞും അപകടത്തില്‍പെട്ടിരുന്നു. ഇന്നലെ ഉച്ചക്ക് 2.30ന് ഇടപ്പളയത്തിന് സമീപത്ത് നിന്ന പാഴ്മരം കടപുഴകി വീണ് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചിരുന്നു. ഇത്തരത്തില്‍ അപകടം മാടിവിളിച്ച് നിരവധി മരങ്ങളാണ് ദേശീയപാതയിലുള്ളത്. പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള ദേശീയപാതയോരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള 200ല്‍ അധികം മരങ്ങളാണ് ഏതുനിമിഷവും വീഴാനൊരുങ്ങി നില്‍ക്കുന്നത്. ഇവ വൈദ്യുതി ലൈനിന് മുകളില്‍ വീണ് വൈദ്യുതി മുടക്കവും പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."