48-ാം ലോഡും മലബാറിലേക്കയച്ച് തിരുവനന്തപുരം മേയര്‍, തെക്കന്‍മാരുടെ സ്‌നേഹത്തിന്റെ രൂപമായി മാറിയ മേയര്‍ വി.കെ പ്രശാന്തിന് സോഷ്യല്‍മീഡിയയുടെ കൈയടി
തിരുവനന്തപുരം: രണ്ടാം പ്രളയത്തിന്റെ ആദ്യ ദിനങ്ങളിലുണ്ടായ ആശയക്കുഴപ്പങ്ങളിലൊന്നായിരുന്നു തെക്കന്‍ ജില്ലകളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ചിലര്‍ ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് തെക്കന്‍ ജില്ലകളിലായിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍പിലുണ്ടായിരുന്ന വടക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ പ്രളയം ഉണ്ടായപ്പോള്‍ പകരം തെക്കന്‍ ജില്ലകളിലുള്ളവര്‍ സഹായത്തിന് ഉല്‍സാഹം കാണിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം.
എന്നാല്‍, അങ്ങിനെ ആക്ഷേപം ഉന്നയിച്ചവരെയെല്ലാം തിരുത്തിയിരിക്കുകയാണ് സ്വന്തം പ്രവര്‍ത്തിയിലൂടെ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ ക്യാമ്പില്‍ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 48 ലോഡ് അവശ്യ സാധനങ്ങളുമായാണ് മലബാറിലേക്ക് കയറ്റി അയച്ചത്. രാത്രി 10 മണി ആയപ്പോഴേക്കും 48 മാത്തെ ലോഡാണ് മലബാറിലേക്കു സ്‌നേഹം നിറച്ച് മേയര്‍ പറഞ്ഞുവിട്ടത്.
രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും ദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാന്‍ ഒരുപോലെ പ്രവര്‍ത്തിക്കുകയാണ്. സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിറഞ്ഞ് വെക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ മേയര്‍ക്ക് കരുത്തായി യുവാക്കളടങ്ങുന്ന വന്‍ സംഘം തുടര്‍ച്ചയായി ശേഖരണ പ്രവര്‍ത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏര്‍പ്പെടുന്നുണ്ട്. ഇതിന് പുറമെ തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘവും ഇലക്ട്രീഷ്യന്‍മാര്‍ ഉള്‍പ്പെടുന്ന സംഘവും മലബാറിലെ ദുരിതബാധിത മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.
അതേസമയം, വി.കെ പ്രശാന്തും കോര്‍പ്പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിറയെ കൈയടിയും വച്ചു. തിരുവനന്തപുരത്തിന്റെ ഈ സ്‌നേഹത്തിനും കരുതലിനും കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നന്ദി അറിയിക്കുകയും ചെയ്തു. ആപത്തിന് മുന്നില്‍ നില്‍ക്കുന്ന സഹോദരങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ തലസ്ഥാന ജനതയോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
thiruvananthapuram mayor vk prasanth lead to collectiing relief materials #kerala_flood
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."