പുത്തുമലക്കാര്‍ക്ക് ആശ്വാസമേകാന്‍ ജമലുല്ലൈലി തങ്ങളെത്തി
മേപ്പാടി (വയനാട്): ദുരന്തം കാര്‍ന്നെടുത്ത പുത്തുമലക്കാര്‍ക്ക് ആശ്വാസ വചനങ്ങളുമായി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയെത്തി. കൂടപ്പിറപ്പുകളുടെ വേര്‍പാടിലും സര്‍വവും നഷ്ടപ്പെട്ടതിലും വേദനിച്ച് കഴിയുന്ന പുത്തുമലക്കാരെ കാണാന്‍ മേപ്പാടിയിലെ ക്യാംപിലേക്കാണ് തങ്ങളെത്തിയത്.
മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ദുരിത ബാധിതരുടെ വേദനകളും പ്രയാസങ്ങളും തങ്ങള്‍ കേട്ടത്. ആകാവുന്ന സഹായങ്ങളെല്ലാം എത്തിക്കാമെന്നും നിങ്ങള്‍ ഒറ്റക്കാവില്ലെന്നും കൂടെ സമസ്തയുടെ സകല സംഘ സംവിധാനവും ഉണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് തങ്ങള്‍ മടങ്ങിയത്.
പിതാവിനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന സഫീര്‍ മൗലവിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്ന വീടും ഏക മകന്റെ വിരഹത്തില്‍ കഴിയുന്ന ഷൗക്കത്ത്-മുനീറ ദമ്പതികളെയും തങ്ങള്‍ സന്ദര്‍ശിച്ചു. സി.കെ ശംസുദ്ധീന്‍ റഹ്മാനി, കെ.എ നാസര്‍ മൗലവി, അബൂബക്കര്‍ റഹ്മാനി, ജാഫര്‍ ഹൈതമി, പി.സി ഉമര്‍ മൗലവി, ബീരാന്‍ കുട്ടി ഹാജി തുടങ്ങിയവരും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."