ഇസ്ലാം- ബുദ്ധ മതങ്ങളിലെ പരിത്യാഗ പ്രവണത പ്രമേയമായ മലയാളിയുടെ ഗ്രന്ഥം അറബ് ലോകത്ത് ശ്രദ്ധേയമാകുന്നു
കാളികാവ്: ഇസ്ലാം- ബുദ്ധ മതങ്ങളിലെ പരിത്യാഗ പ്രവണതകളെ പരിചയപ്പെടുത്തുന്ന മലയാളി ഗവേഷകന്റെ ഗ്രന്ഥം അറബ് ലോകത്ത് ശ്രദ്ധേയമാകുന്നു. മലപ്പുറം കോഡൂര്‍ പുളിയാട്ടുകുളം സ്വദേശിയും നിലവില്‍ സി.ഐ.സി അസിസ്റ്റന്റ് കോര്‍ഡിനേറ്ററും കാളികാവ് വാഫി കാംപസ് ഡീനുമായ ഡോക്ടര്‍ ലുഖ്മാന് വാഫി അല്‍ അസ്ഹരിയുടെ പി.എച്ച്.ഡി ഗവേഷണ പ്രബന്ധമാണ് കൈറോവില്‍ നിന്നും ഗ്രന്ഥരൂപത്തില്‍ പ്രസാധനം ചെയ്തിട്ടുള്ളത്.
ഈജിപ്തിലെ കൈറോ യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി പഠനവുമായി ബന്ധപ്പെട്ട് 'പരിത്യാഗം ബുദ്ധ മതത്തിലും സൂഫിസത്തിലും' എന്ന വിഷയത്തില്‍ സമര്‍പ്പിച്ച പഠനമാണ് ഈജിപ്ഷ്യന്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അതോറിറ്റി ഓഫ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബുദ്ധമതത്തിലേയും ഇസ്ലാം മതത്തിലേയും പരിത്യാഗ പ്രവണതകളെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തില്‍ തദ്വിഷയത്തില് ഇരു മതങ്ങളിലേയും സാമ്യ-വ്യത്യാസങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. ഇതിനു പുറമെ സരളമായ ഭാഷയിലുള്ള ഗ്രന്ഥകാരന്റെ അവതരണവും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബുദ്ധമതത്തിന്റെ ഉല്‍ഭവം, ചരിത്രം, വിഘടന ത്തെയും രചയിതാവ് പരിചയപ്പെടുത്തുന്നു. തുടര്‍ന്ന് ബുദ്ധന്റ ജീവിതവും അദ്ദേഹത്തിന് ധ്യാനത്തെ കുറിച്ച് അല്പം വിവരിക്കുന്നു. അദ്ധേഹത്തിന്റെ ജീവിതം തന്നെയാണ് ബുദ്ധ സന്യാസത്തിനുള്ള ഒരു യഥാര്‍ത്ഥ മോഡലെന്നും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
വളാഞ്ചേരി മര്‍കസില്‍ നിന്നു വാഫി പി.ജി പൂര്‍ത്തിയാക്കിയ ലുഖ്മാന് വാഫി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്നും ഫൈസി ബിരുദവും നേടിയിട്ടുണ്ട്. അതോടൊപ്പം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇസ്ലാമിക് ഫിലോസഫിയില്‍ പി.എച്ച്.ഡിയും അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് തിയോളജിയില്‍ പ്രിലിമിനറി എം.എയും കരസ്ഥമാക്കിയിട്ടുണ്ട്. മലപ്പുറം കോഡൂര്‍ പുളിയാട്ടുകുളം അബ്ദുറഹ്മാന് മുസ്ലിയാര്- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ജുവൈരിയ സഹ്റവിയ്യ, മക്കള്‍ മുഹമ്മദ് നബ്ഹാന്, മുഹമ്മദ് നഈം, അനാഅ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."