ഇന്ത്യക്ക് ദുഃഖത്തിന്റെ വെള്ളി, സന്തോഷത്തിന്റെയും
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ നടക്കുന്ന ലോക യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ക്ക് ഫൈനലില്‍ പരാജയപ്പെട്ട് സ്വര്‍ണം നഷ്ടമായി. എന്നാല്‍ യൂത്ത് ഒളിംപിക്‌സ് ഹോക്കിയില്‍ ആദ്യമായി വെള്ളി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യയുടെ പരുഷ വനിതാ ടീമുകള്‍. ആദ്യമായിട്ടായിരുന്നു യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യ ഹോക്കി ടീമുകളെ പങ്കെടുപ്പിച്ചത്. പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ വെള്ളി സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പുരുഷ, വനിതാ ടീമുകള്‍.
പുരുഷ ടീം മലേഷ്യയോട് 2-4 എന്ന സ്‌കോറിനും വനിതാ ടീം അര്‍ജന്റീനയോട് 1-3 എന്ന സ്‌കോറിനുമാണ് പരാജയപ്പെട്ടത്. ഫൈവ്‌സ് ഹോക്കിയിലെ ആദ്യ സ്വര്‍ണം നേടിയ ടീമെന്ന നേട്ടം അര്‍ജന്റീനയും മലേഷ്യയും സ്വന്തമാക്കി. പുരുഷന്‍മാരുടെ മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യ സ്‌കോര്‍ ചെയ്‌തെങ്കിലും നാലാം മിനുട്ടില്‍ മലേഷ്യ ഗോള്‍ തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. പിന്നീട് ഇന്ത്യ രണ്ടാമതും ഗോള്‍ നേടി 2-1ന്റെ ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം മികച്ച പ്രകടനം നടത്തിയ മലേഷ്യ മൂന്ന് ഗോള്‍കൂടി തിരിച്ചടിച്ച് സ്വര്‍ണം കൈക്കലാക്കുകയായിരുന്നു.
കളി തുടങ്ങി ഒന്നാം മിനുട്ടില്‍ അര്‍ജന്റീനക്കെതിരേ ഇന്ത്യന്‍ വനിതാ ടീം ഒരു ഗോളിന്റെ ലീഡ് നേടി. എന്നാല്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ മികച്ച കളി പുറത്തെടുത്ത അര്‍ജന്റീന മൂന്ന് ഗോള്‍ തിരിച്ചടിച്ച് ചരിത്ര സ്വര്‍ണവുമായി മടങ്ങി. കഴിഞ്ഞ ദിവസം ഹോക്കിയില്‍ രണ്ട് വെള്ളി മെഡല്‍ ലഭിച്ചതോടെ ഏഴ് വെള്ളിയും മൂന്ന് സ്വര്‍ണ്ണവുമുള്‍പ്പെടെ ഇന്ത്യക്ക് പത്ത് മെഡലുകളായി. ചരിത്രത്തിലാദ്യമായിട്ടാണ് യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യ പത്ത് മെഡലുകള്‍ സ്വന്തമാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അത്‌ലറ്റുകളുമായിട്ടായിരുന്നു ഇന്ത്യ യൂത്ത് ഒളിംപിക്‌സിനായി അര്‍ജന്റീനയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."