സഊദിയില്‍ ഇന്ന് സൂപ്പര്‍ ക്ലാസിക്
ജിദ്ദ: ലോക ഫുട്‌ബോളിലെ രാജാക്കന്‍മാരായ അര്‍ജന്റീനയും ബ്രസീലും ഇന്ന് സഊദിയില്‍ ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ലോക ഫുട്‌ബോളിലെ രാജാക്കന്മാര്‍ അങ്കത്തട്ടില്‍ മുഖാമുഖം പോരാടുന്നത്. ജിദ്ദയിലുള്ള കിങ് അബ്ദുള്ള സ്‌പോട്‌സ് സിറ്റി റിസര്‍വ് സ്‌റ്റേഡിയത്തിലാണ് അയല്‍ക്കാര്‍ തമ്മിലുള്ള ക്ലാസിക് ത്രില്ലര്‍. വീണ്ടും ഒരിടവേളക്ക് ശേഷം വരുന്ന അര്‍ജന്റീന ബ്രസീല്‍ മത്സരം വീക്ഷിക്കാന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിപ്പിലാണ്. സീനിയര്‍ താരങ്ങളില്ലാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. എന്നാല്‍ ബ്രസീല്‍ താരപ്പകിട്ടുമായാണ് ലോകം ഉറ്റുനോക്കുന്ന ക്ലാസിക്കില്‍ ഇറങ്ങുന്നത്. ഇതിഹാസതാരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നുമില്ലാതെയാണ് പുതിയ കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ബൂട്ടണിയുക. എയ്ഞ്ചല്‍ ഡിമരിയ, സെര്‍ജിയോ അഗ്യൂറോ, ഹിഗ്വെയ്ന്‍, മാര്‍ക്കോ റോഹോ തുടങ്ങിയ താരങ്ങള്‍ അര്‍ജന്റീന ടീമിലെ പ്രധാന അഭാവങ്ങളാണ്.
യുവന്റസ് താരം ഡഗ്ലസ് കോസ്റ്റ, റയല്‍ മാഡ്രിഡ് താരം മാഴ്‌സലോ, പി.എസ്.ജി താരം തിയാഗോ സില്‍വ, വില്യന്‍, ഡാനി ആല്‍വേസ് എന്നീ താരങ്ങളും ബ്രസീല്‍ നിരയില്‍ ഇറങ്ങില്ല.
പ്രമുഖര്‍ ടീമില്‍ ഇല്ലെങ്കിലും പോരാട്ടത്തിന് ഒട്ടും ആവേശം കുറയില്ലെന്ന പ്രതീക്ഷയിലാണ് കാല്‍പ്പന്തു കളിയുടെ ആരാധകര്‍. റഷ്യന്‍ ലോക കപ്പില്‍ ഇരു ടീമുകളും കിരീട മോഹവുമായി എത്തിയെങ്കിലും പാതി വഴിയില്‍ കാലിടറി വീഴുകയായിരുന്നു. അര്‍ജന്റീന പ്രീക്വാര്‍ട്ടറിലും ബ്രസീല്‍ ക്വാര്‍ട്ടറിലും തോറ്റ് പുറത്താവുകയായിരുന്നു. എന്നാല്‍ ലോക കപ്പിനു ശേഷം ഇരുടീമുകളും അപരാജിത കുതിപ്പാണ് നടത്തുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളിലും മഞ്ഞപ്പട വെന്നിക്കൊടി പാറിച്ചപ്പോള്‍ മൂന്നില്‍ രണ്ടണ്ടിലും ജയിക്കാന്‍ അര്‍ജന്റീനക്കു സാധിച്ചു. ലോക കപ്പിനു ശേഷം ചുമതലയേറ്റ താല്‍ക്കാലിക പരിശീലകനായ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന അടിമുടി മാറിയിട്ടുണ്ട്. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് സ്‌കൊലാനി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 4-3-3 ശൈലിയിലായിരിക്കും ഇരു ടീമുകളും ഇറങ്ങുക. സൂപ്പര്‍ താരം നെയ്മറടക്കമുള്ള മുന്നേറ്റനിരയായത് കൊണ്ട് അര്‍ജന്റീന പ്രതിരോധത്തിലൂന്നിയ കളിയായിരിക്കും പുറത്തെടുക്കുക. സഊദി പര്യടനത്തിനെത്തിയ ഇരു ടീമുകളും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. സഊദിയുമായുള്ള മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചപ്പോള്‍ ഇറാഖുമായി ഏറ്റുമുട്ടിയ അര്‍ജന്റീന 4-0 എന്ന സ്‌കോറിനാണ് ജയം സ്വന്തമാക്കിയത്.
ലോകകപ്പിലെ കോച്ചായിരുന്ന ടിറ്റെയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമുമായി ഇറങ്ങുന്ന ബ്രസീലിന് തന്നെയാണ് ഇന്ന് നടക്കാനിരിക്കുന്ന സൂപ്പര്‍ ക്ലാസിക്കില്‍ മുന്‍തൂക്കം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറടക്കം പ്രമുഖരെല്ലാം ബ്രസീല്‍ നിരയിലുണ്ടെന്നതാണ് മഞ്ഞപ്പടയുടെ കരുത്ത്. ദേശീയ ലീഗുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടണ്ടിരിക്കുന്ന ഒരു പിടി യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് അര്‍ജന്റീന പോരിനിറങ്ങുന്നത്. യുവന്റസിന്റെ പൗലോ ദിബാലയെയും ഇന്റര്‍മിലാന്റെ മൗറോ ഇക്കാര്‍ഡിയെയും മാറ്റിനിര്‍ത്തിയാല്‍ മറ്റു താരങ്ങളെല്ലാം ആരാധകര്‍ക്ക് സുപരിചിതരല്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിക്കോളാസ് ഓട്ടമെന്‍ഡിയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയെയും കോച്ച് ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ക്ലാസിക്കിലാണ് ബ്രസീലും അര്‍ജന്റീനയും അവസാനമായി കൊമ്പുകോര്‍ത്തത്. ഇതില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പടയെ വീഴ്ത്തിയിരുന്നു. അതിനു തൊട്ടുമുമ്പ് നടന്ന നാലു കളികളിലും ബ്രസീലിനെ തോല്‍പ്പിക്കാന്‍ അര്‍ജന്റീനക്കു സാധിച്ചിട്ടില്ല. നാലു മല്‍സരങ്ങളില്‍ രണ്ടണ്ടിലും ബ്രസീല്‍ ജയിച്ചപ്പോള്‍ ബാക്കി രണ്ടണ്ടു കളികള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
ബ്രസീലും അര്‍ജന്റീനയും തമ്മില്‍ 104 മല്‍സരങ്ങളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 40 എണ്ണത്തില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ അര്‍ജന്റീന 38 മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ചു. 26 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ക്ലാസിക്കില്‍ നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണെന്നതാണ് പ്രധാനം. 162 ഗോളുകളാണ് ബ്രസീലും അര്‍ജന്റീനയും ഇതുവരെ ക്ലാസിക്കില്‍ നേടിയിട്ടുള്ളത്.
സാധ്യതാ ലൈനപ്പ്
ബ്രസീല്‍ (4-3-3): അലിസണ്‍ ബെക്കര്‍ (ഗോള്‍കീപ്പര്‍), അലെക്‌സ് സാന്‍ഡ്രോ, ഡാനിലോ, ഫാബീഞ്ഞോ, മാര്‍ക്കീഞ്ഞോസ്, കസേമിറോ, ഫിലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, റിച്ചാര്‍ളിസണ്‍.
അര്‍ജന്റീന (4-3-3): സെര്‍ജിയോ റൊമേറോ, സറാവിയ, പെസെല്ല, ഒട്ടാമെന്‍ഡി, ടാഗ്ലിയാഫിക്കോ, പറേഡെസ്, ലോ സെല്‍ലോ, വാസ്‌ക്വസ്, ദിബാല, സിമിയോണി, ഇക്കാര്‍ഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."