ഫിലിപ്പൈന്‍സില്‍ 10 വയസുകാരനെ ബോട്ടില്‍ നിന്നു തട്ടിയെടുത്ത് മുതല തിന്നു!
മനില: ബോട്ടില്‍ സഹോദരന്മാരുടെ കൂടെ യാത്ര ചെയ്യുകയായിരുന്ന 10 വയസുകാരനെ തട്ടിയെടുത്ത മുതല അകത്താക്കി. ഫിലിപ്പൈന്‍സിലെ ബാലബാക് പുഴയിലൂടെ രണ്ടു സഹോദരന്മാരുടെ കൂടെ യാത്ര ചെയ്യുമ്പോഴാണ് മുതലയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഭാഗികമായി തിന്ന നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടല്‍ ചതുപ്പില്‍ ഒരു മീന്‍പിടിത്തക്കാരനാണ് കണ്ടെത്തിയത്.
ഫിലിപ്പൈന്‍സിലെ വന്‍ ജനസംഖ്യാ വര്‍ധനവു കാരണം വന്യജീവികളുടെ ആവാസവ്യവസ്ഥ നഷ്ടമാവുന്നതാണ് അവയുടെ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളത്തിനു വേണ്ടിയുള്ള മനുഷ്യരുടെയും മുതല പോലുള്ള ജീവികളുടെയും സംഘട്ടനമാണ് ഇതിലേക്കു നയിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ആറു മീറ്റര്‍ നീളവും ഒരു ടണ്‍ തൂക്കവുമുള്ള കൂറ്റന്‍ മുതലകള്‍ ഇവിടെയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു 12 കാരനെ ബാലബാക് പുഴയില്‍ വച്ച് മുതല പിടിച്ചിരുന്നു. എന്നാല്‍ കൂടെയുള്ളവര്‍ മുതലയെ തലയ്ക്ക് അടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇവിടെ വച്ച് ഒരു ഞണ്ടുപിടിത്തക്കാരനെ മുതല പിടിച്ച് ഭാഗികമായി ഭക്ഷിച്ചിരുന്നു. ഇതിനു മൂന്നു മാസം മുമ്പാണ് ഇയാളുടെ 12 വയസ്സുള്ള മരുമകളെ മുതല പിടിച്ച് ചതുപ്പിലേക്കു വലിച്ചുകൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."