സോള്‍ കീഴടക്കിയ 'ഫ്‌ളോ ജോ'
റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടാനുള്ളതാണ്. എന്നാല്‍, 28 വര്‍ഷങ്ങള്‍ക്കു ശേഷം റിയോയിലേക്ക് എത്തുമ്പോഴും വിശ്വ കായിക മാമാങ്കത്തില്‍ തകര്‍ക്കപ്പെടാതെ രണ്ടു ലോക റെക്കോര്‍ഡുകള്‍ നിലനില്‍ക്കുന്നു. അതിവേഗത്തിന്റെ ട്രാക്കില്‍ അമേരിക്കന്‍ വനിതാ താരം ഫ്‌ളോറന്‍സ് ഗ്രിഫ്ത്ത് ജോയ്‌നര്‍ എന്ന ഫ്‌ളോ ജോയുടെ റെക്കോര്‍ഡുകളാണ് തിളങ്ങുന്നത്. ഫ്‌ളോയ്ക്ക് ശേഷം നിരവധി താരോദങ്ങയളെ അതിവേഗത്തിന്റെ ട്രാക്കില്‍ കായിക ലോകം കണ്ടെങ്കിലും ലോക റെക്കോര്‍ഡുകളുടെ തിളക്കത്തിന് കോട്ടം തട്ടിയിട്ടില്ല. 1988 ലെ സോള്‍ ഒളിംപിക്‌സില്‍ 100, 200 മീറ്ററുകളില്‍ ഫ്‌ളോ ജോ സ്ഥാപിച്ച ലോക റെക്കോര്‍ഡ് മറിക്കടക്കാനോ അതിനൊപ്പമെത്തുന്ന പ്രകടനം പോലും നടത്താനോ ഒരു വനിത താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
സോളിലെ താരം ഫ്‌ളോ ജോ തന്നെയായിരുന്നു. സോള്‍ ഒളിംപിക്‌സിലെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ 10.88 സെക്കന്‍ഡില്‍ പറന്നെത്തിയാണ് ഫ്‌ളോ ജോ ഒളിംപിക് റെക്കോര്‍ഡ് സൃഷ്ടിച്ചത്. കലാശപ്പോരില്‍ 10.54 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്നായിരുന്നു പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് സ്വര്‍ണം നേടിയത്. 200 മീറ്ററിലും ഫ്‌ളോ ജോ റെക്കോര്‍ഡോടെയാണ് സ്വര്‍ണ കൊയ്ത്ത് നടത്തിയത്. 1988 സെപ്തംബര്‍ 29നു നടന്ന ഫൈനലില്‍ 21.34 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ് ലൈന്‍ കടന്നത്. റെക്കോര്‍ഡുകളുടെ അകമ്പടിയില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് ഫ്‌ളോ ജോ ഒളിംപിക്‌സ് ചരിത്രത്തില്‍ തിളങ്ങുന്ന താരമായി മാറിയത്.
ട്രാക്കിലെ 'കാഷ് ഫ്‌ളോ'
1983 ല്‍ 400 മീറ്ററില്‍ അമേരിക്കയുടെ ദേശീയ ചാംപ്യന്‍ പട്ടം നേടിയതിലൂടെയാണ് ഫ്‌ളോ ജോ കായിക രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1984ലെ ലോസ് ആഞ്ജല്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ താരം തന്നെയായ ഈവ്‌ലിന്‍ ആഷ്‌ഫോര്‍ഡിനെ സോളിലെ ട്രാക്കില്‍ പിന്നിലാക്കിയുള്ള കുതിപ്പിലൂടെയായിരുന്നു ഫ്‌ളോ ജോയുടെ പൊന്നു വാരിയ മിന്നല്‍ പ്രകടനം. 100, 200 മീറ്റര്‍ സ്പ്രിന്റില്‍ മാത്രമല്ല 4-400 റിലേയിലും ഫ്‌ളോ ജോ സ്വര്‍ണം നേടി.
ഒളിംപിക്‌സിന് രണ്ടു മാസം മുന്‍പ് തന്നെ 100 മീറ്ററില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഫ്‌ളോ ജോ സോളിലെത്തിയത്. അമേരിക്കയിലെ ഇന്ത്യാനപൊളിസില്‍ 1988 ജൂലൈ 16നു 100 മീറ്ററിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് 10.49 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്നു മിന്നലായി മാറി ഫ്‌ളോ ജോ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. ഈവ്‌ലിന്‍ ആഷ്‌ഫോര്‍ഡിന്റെ പേരിലുള്ള ലോക റെക്കോര്‍ഡായിരുന്നു ഫ്‌ളോയുടെ മിന്നല്‍ കുതിപ്പിനു മുന്നില്‍ വഴിമാറിയത്. ലോസ് ആഞ്ജല്‍സ് ഒളിംപിക്‌സിലെ 200 മീറ്റര്‍ ട്രാക്കില്‍ ഓടിയ ഫ്‌ളോയ്ക്ക് വെള്ളി മെഡല്‍ നേടാനെ കഴിഞ്ഞിരുന്നുള്ളു. പരാജയത്തിന്റെ നിരാശയില്‍ ട്രാക്കിനോടു വിട പറയാന്‍ ഫ്‌ളോ ജോ അന്ന് ആഗ്രഹിച്ചു. ഭര്‍ത്താവിന്റെയും പരിശീലകന്റെയും നിരന്തരമായ പ്രേരണയിലൂടെ ട്രാക്കിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആ തിരിച്ചു വരവില്‍ നിന്നാണ് അവിസ്മരണീയ പ്രകടനങ്ങളുമായി ഫ്‌ളോറന്‍സ് ഗ്രിഫ്ത്ത് ജോയ്‌നര്‍ നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറിയത്.
ഫ്‌ളോ ജോ എന്നും ആരാധാകരുടെ ഇഷ്്ട താരമായിരുന്നു. ട്രാക്ക് സ്യൂട്ടിലും സൗന്ദര്യ പ്രദര്‍ശനത്തിലുമെല്ലാം വ്യത്യസ്തതയുമായി ഓടാനിറങ്ങിയ ഫ്‌ളോ, ട്രാക്കിലെ ഏറ്റവും വിലയേറിയ താരമായി വളര്‍ന്നു. സ്‌പോണ്‍സര്‍മാര്‍ ഫ്‌ളോയെ വട്ടമിട്ടു പറന്നു. കാമറ കണ്ണുകള്‍ ഫ്‌ളോ ജോയെ വിടാതെ പിന്തുടര്‍ന്നു. 'കാഷ് ഫ്‌ളോ' എന്ന വിളിപ്പേരും ജോ നേടി. 1988ല്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത ജോ 25000 ഡോളര്‍ പ്രതിഫലം വാങ്ങിയ പ്രൊഫഷനലായി വളര്‍ന്നു. ഒളിംപിക് നേട്ടത്തിന് ശേഷം ജോയുടെ താരമൂല്യം കുതിച്ചുയര്‍ന്നു.
ചാംപ്യന്‍ അത്‌ലറ്റിന്റെ പിറവി
1959 ഡിസംബര്‍ 21 ന് ലോസ് ആഞ്ജല്‍സില്‍ ജനനം. ഏഴാം വയസിലായിരുന്നു ഓട്ടം തുടങ്ങിയത്. എന്നാല്‍, 1979 ല്‍ തത്കാലം ട്രാക്കിനോട് വിട പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ബോബ് കെര്‍സിയുടെ പ്രചോദനത്തിലാണ് ജോ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെ മാതാപിതാക്കളുടെ വേര്‍പിരിയല്‍ ജോയ്ക്ക് സമ്മാനിച്ചത് പ്രതിസന്ധിയുടെയും കഷ്്ടപ്പാടുകളുടെയും ദിനങ്ങളായിരുന്നു. എങ്കിലും വെല്ലുവിളികളെ അതീജിവിച്ച് ഫ്‌ളോ ജോ ചാംപ്യന്‍ അത്‌ലറ്റായി.
കായിക കുടുംബം തന്നെയായിരുന്നു ഫ്‌ളോ ജോയുടേത്. ഭര്‍ത്താവ് അല്‍ ജോയ്‌നര്‍ 1984 ലെ ഒളിംപിക്‌സ് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ താരമായിരുന്നു. ഭര്‍തൃ സഹോദരി ജാക്കി ജോയ്‌നര്‍ കെര്‍സി ലോംങ് ജംപ്, ഹെപ്റ്റാത്‌ലണ്‍ ഇനങ്ങളിലെ ഇതിഹാസമായി വളര്‍ന്ന സൂപ്പര്‍ താരം. ജാക്കിയുടെ ഭര്‍ത്താവ് ബോബ് കെര്‍സി പ്രശസ്തനായ അത്‌ലറ്റിക്ക് പരിശീലകനും.
1998ല്‍ ഫ്‌ളോറന്‍സ് ഗ്രിഫ്ത്ത് ജോയ്‌നര്‍ ജീവിതത്തിന്റെ ട്രാക്കില്‍ നിന്നും മറഞ്ഞു. ജോയുടെ പെട്ടെന്നുള്ള മരണം ഇന്നും അജ്ഞാതമായി തുടരുന്നു. മരണ കാരണമായത് ഹൃദയാഘാതമെന്നും ഉത്തേജക ഔഷധങ്ങളുടെ അമിത ഉപയോഗമാണെന്നും ഭര്‍ത്താവിന്റെ പീഡന കഥകളും ഉയര്‍ന്നു കേട്ടെങ്കിലും അതൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."