വിദേശത്ത് മെഡിക്കല്‍ പഠനം; നീറ്റ് നിര്‍ബന്ധമാക്കും
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ് പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത പൊതുപ്രവേശനപരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കും.
നീറ്റ് പരീക്ഷ ജയിച്ചവര്‍ക്കു മാത്രമെ വിദേശപഠനത്തിനുള്ള എന്‍.ഒ.സി ലഭിക്കൂ. ഇക്കാര്യത്തില്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം പ്രത്യേക നിര്‍ദേശം നല്‍കും. പരീക്ഷ ജയിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല. വിദേശത്തു നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.
ഈ യോഗ്യതാ പരീക്ഷ എഴുതണമെങ്കില്‍ നേരത്തെ നീറ്റ് പരീക്ഷ ജയിച്ച രേഖഹാജരാക്കേണ്ടിവരും. ഇതിനു പുറമെ നീറ്റ് പരീക്ഷ ജയിക്കാത്തവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) രജിസ്‌ട്രേഷനും ലഭിക്കില്ലെന്ന് എം.സി.ഐ വൈസ്പ്രസിഡന്റ് ഡോ. ബ്രഹ്മാനന്ദം പറഞ്ഞു. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഭരണഘടനാ പദവിയുള്ള സ്ഥാപനമായ എം.സി.ഐയുടെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.
വിദേശപഠനം കഴിഞ്ഞ് ഇന്ത്യയിലെത്തുന്ന സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ ശരാശരി 25 ശതമാനത്തിനും താഴെയാണ് വിജയം. ഈ സാഹചര്യത്തിലാണ് കഴിവുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം വിദേശമെഡിക്കല്‍ പഠനത്തിന് അനുമതി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. വിദേശത്തു നിന്നു മെഡിക്കല്‍ പഠനം കഴിഞ്ഞവര്‍ക്ക് 2001ലാണ് കേന്ദ്രസര്‍ക്കാര്‍ യോഗ്യതാപരീക്ഷ വച്ചത്. ജൂണ്‍- ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ഈ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് മാത്രമെ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതിയുള്ളൂ.
ഇന്ത്യയില്‍ മെഡിക്കല്‍ പഠനത്തിന് പ്രയാസമേറിയ യോഗ്യതാപരീക്ഷയെന്ന കടമ്പയുള്ളതിനാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ വിദേശസര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിവരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രവേശനപരീക്ഷ യോഗ്യതയായി നിശ്ചയിച്ചിട്ടില്ലാത്ത വിദേശസര്‍വകലാശാലകളെയാണ് ഇത്തരം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്നത്. അവര്‍ തിരിച്ച് ഇന്ത്യയിലെത്തി ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ 472 മെഡിക്കല്‍ കോളജുകളിലായി 65,000 സീറ്റുകളാണുള്ളത്. ഇതിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്കായി 10 ലക്ഷത്തിനുമുകളില്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞമാസം നടന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചത്. മെഡിക്കല്‍ പഠനത്തിന് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന രാജ്യം ചൈനയാണ്. റഷ്യ, ഉക്രൈന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളും മെഡിക്കല്‍ പഠനത്തിനായി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കാറുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിദേശത്തു നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ 63,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതനേടിയത്. ചൈനയില്‍ മെഡിക്കല്‍ പഠനം കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികളില്‍ പത്തുശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിലെ യോഗ്യതാ പരീക്ഷ വിജയിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളെയും ഇന്ത്യയിലെ സ്വാശ്രയ കോളജുകളെയും അപേക്ഷിച്ചു ചൈനയില്‍ കുറഞ്ഞ പണംമുടക്കിയാല്‍ മതിയെന്നതാണ് പലരേയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. നാലരവര്‍ഷം നീളുന്ന പഠനവും ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനുമായി ചൈനയിലെ മെഡിക്കല്‍ പഠനത്തിന് 20- 25 ലക്ഷം രൂപ വരും.2015ല്‍ ചൈനയില്‍ നിന്നു പഠനം കഴിഞ്ഞെത്തിയ 3,772 വിദ്യാര്‍ഥികളാണ് യോഗ്യതാപരീക്ഷയ്ക്കിരുന്നത്. ഇതില്‍ 261 പേര്‍ മാത്രമാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."