ചെങ്കുളം: വിദഗ്‌ധോപദേശത്തിന് 1.5 കോടി; നിര്‍ദേശിച്ചതൊന്നും നടപ്പാക്കിയില്ല
തൊടുപുഴ: സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പാതിവഴിയിലായ ചെങ്കുളം ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ കുരുക്കഴിക്കാന്‍ ഒന്നരക്കോടി മുടക്കി വിദഗ്‌ധോപദേശം തേടിയെങ്കിലും നിര്‍ദേശങ്ങളില്‍ നടപടിയില്ല. കേന്ദ്ര ഏജന്‍സിയായ എന്‍.എച്ച്.പി.സി (നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍) യെയാണ് കണ്‍സള്‍ട്ടന്‍സിയായി കെ.എസ്.ഇ.ബി ചുമതലപ്പെടുത്തിയത്.
2017 ജനുവരി 3 ന് കരാര്‍ ഒപ്പിടുകയും ചൈതു. എന്‍.എച്ച്.പി.സി ജനറല്‍ മാനേജര്‍ എസ്.എല്‍ കബിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പഠനങ്ങളും വിവിധതരം പരിശോധനകളും പൂര്‍ത്തിയാക്കി 2017 മെയ് 31 ന് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി ക്ക് കൈമാറി. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കി 16 മാസം പിന്നിട്ടിട്ടും പ്രധാന നിര്‍ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.
ഒന്നാമത്തെ ആഡിറ്റ് (പ്രവേശന തുരങ്കം) പാറയില്ലാത്തതിനാല്‍ ഉപേക്ഷിക്കണമെന്നാണ് എന്‍.എച്ച്.പി.സി യുടെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. അകത്തേക്കു ചെരിവ് വരുന്ന രീതിയിലാണ് ഇവിടെ ആഡിറ്റ് രൂപകല്‍പന ചെയ്തിരുന്നത്. ഇതിവിടെ പ്രായോഗികമല്ല. ദുര്‍ബലമായ മണ്ണുള്ള ഭാഗത്ത് അംബ്രല്ല റൂഫിങ് നടപ്പാക്കണമെന്നുള്ള നിര്‍ദേശത്തിന്മേലുള്ള എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടില്ല.
ഇന്‍ടേക് ഭാഗത്തുനിന്നും 1385 മീറ്റര്‍ ടണല്‍ അടിച്ചപ്പോള്‍ വെള്ളം ശക്തമായി പനിച്ചിറങ്ങുന്നതു മൂലം (സീപ്പേജ്) പണി നിര്‍ത്തിവക്കുകയായിരുന്നു. ഇവിടെ നിന്നും 257 മീറ്റര്‍ ഭാഗത്ത് ഉറച്ച പാറയുണ്ടെന്ന് എന്‍.എച്ച്.പി.സി കണ്ടെത്തിയിരുന്നു. പണി നിലക്കാതിരിക്കാന്‍ ലേബര്‍ ചാര്‍ജില്‍ 15 ശതമാനം വര്‍ധനവരുത്തി ഇവിടെ ടണല്‍ അടിക്കാന്‍ കരാറുകാരുമായി പ്രൊജക്റ്റ് മോണിറ്ററിങ് കമ്മിറ്റി ധാരണയുണ്ടാക്കി പണി തുടങ്ങി.
225 മീറ്റര്‍ ടണല്‍ അടിച്ചപ്പോഴാണ് പ്രളയം കാരണം പണി മുടങ്ങിയത്. ഒരു കോടി രൂപക്ക് അടുത്തുള്ള ഈ ജോലികളുടെ ബില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെ പണം ലഭ്യമായിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു.
കഴിഞ്ഞ മെയ് 24 നും ഓഗസ്റ്റ് 8 നും പദ്ധതി മേഖലയില്‍ വെള്ളം കുത്തിയൊഴുകി മണ്ണിടിച്ചില്‍ ഉണ്ടായി. കല്ലാര്‍ വെള്ളച്ചാട്ടത്തില്‍നിന്ന് പദ്ധതി പ്രദേശത്തേക്ക് വെള്ളം കയറാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടണമെന്ന നിര്‍ദേശം സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
നവീകരണത്തിന്റെ പേരില്‍ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനി കോടികള്‍ കൊണ്ടുപോയിട്ടും കാലണയുടെ ഗുണമുണ്ടാകാത്ത ചെങ്കുളം പദ്ധതിയുടെ ശേഷി കൂട്ടാനുളള പദ്ധതിയാണ് ഇഴയുന്നത്.
ഡാമും പവര്‍ ഹൗസും ഇല്ലാതെ ഉല്‍പ്പാദനശേഷി കൂട്ടുന്നതിലൂടെ മാത്രം 8.5 കോടി യൂനിറ്റ് വൈദ്യൂതി സംസ്ഥാനത്തിന് ലഭിക്കുന്ന പദ്ധതിയാണിത്. 18 വര്‍ഷം മുമ്പ് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണം 9 വര്‍ഷം മുമ്പാണ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."