പ്രതീക്ഷിച്ച ചലനമുണ്ടാക്കാനാവാതെ അമിത് ഷാ മടങ്ങി
തിരുവനന്തപുരം: വലിയ പ്രതീക്ഷകളുമായി കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ മടങ്ങിയത് കാര്യമായ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാനാവാതെ. പുതിയ പാര്‍ട്ടികളെയും ജനവിഭാഗങ്ങളെയും പാര്‍ട്ടിയിലേക്കും എന്‍.ഡി.എയിലേക്കും ആകര്‍ഷിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെങ്കിലും ഫലം കണ്ടില്ല. സന്ദര്‍ശനത്തിനു പ്രതീക്ഷിച്ച വാര്‍ത്താപ്രാധാന്യം ലഭിച്ചതുമില്ല.
മുസ്‌ലിം, ക്രിസ്ത്യന്‍, ദലിത് സമുദായങ്ങളെയാണ് പ്രധാനമായും അമിത് ഷാ ലക്ഷ്യമിട്ടിരുന്നത്. ബി.ജെ.പിയുമായി ചില ഘട്ടങ്ങളില്‍ സഹകരിച്ച ഒരു മുസ്‌ലിം സംഘടനയുടെ പ്രതിനിധികളെയടക്കം ചില സമുദായ നേതാക്കളെ ഷായുമായി കൂടിക്കാഴ്ചയ്‌ക്കെത്തിക്കാന്‍ ബി.ജെ.പി നേതാക്കള്‍ കിണഞ്ഞുശ്രമിച്ചിരുന്നു. എന്നാല്‍, അവരാരും കൂടിക്കാഴ്ചയ്ക്കു തയാറായില്ല. തിരുവനന്തപുരത്ത് ക്രൈസ്തവ മതനേതാക്കളുമായി നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ചതുപോലെ ആയതുമില്ല. ഷായെ വന്നുകാണാന്‍ ക്രൈസ്തവ നേതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അവരെ മലങ്കര സഭയുടെ ആസ്ഥാനത്തുചെന്നു കാണുകയായിരുന്നു. ദലിത് വിഭാഗങ്ങളില്‍നിന്ന് എടുത്തുപറയാവുന്ന നേതാവായി എത്തിയത് നേരത്തേതന്നെ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന സി.കെ ജാനുവാണ്. കൂടാതെ കാര്യമായ ജനപിന്തുണയില്ലാത്ത ചില പിന്നോക്ക സമുദായ സംഘടനകളുടെ നേതാക്കളും കൂടിക്കാഴ്ചയ്‌ക്കെത്തി.
പുതിയ രാഷ്ട്രീയകക്ഷികളെ ആകര്‍ഷിക്കുകയെന്ന തന്ത്രവും പിഴച്ചു. കക്ഷിനേതാക്കളായി എത്തിയത് എന്‍.ഡി.എയുടെ ഭാഗമായ ജാനുവിനെ കൂടാതെ പി.സി തോമസ്, ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ മാത്രമാണ്. എന്‍.ഡി.എയ്ക്കു പുറത്തുള്ള കക്ഷികളുടെ പ്രതിനിധികളൊന്നും ഷായെ കാണാനെത്തിയില്ല. ബി.ഡി.ജെ.എസിന്റെ സ്ഥാപക നേതാവായ വെള്ളാപ്പള്ളി നടേശനാകട്ടെ, ഷായെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതിനു പുറമെ സാംസ്‌കാരിക നായകരടക്കം പ്രശസ്തരായ ചില വ്യക്തികളുമായും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അറിയപ്പെടുന്ന സാംസ്‌കാരിക നായകരോ മറ്റു പ്രശസ്തരായ വ്യക്തികളോ ഷായെ കാണാനെത്തിയില്ല. ഇങ്ങനെ കരുനീക്കങ്ങളെല്ലാം പിഴച്ചപ്പോള്‍ ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവിന്റെ സാധാരണ സന്ദര്‍ശന പരിപാടി മാത്രമായി ഷായുടെ സന്ദര്‍ശനം മാറി.
പ്രതീക്ഷകളെല്ലാം പാളിയതിലെ പ്രതിഷേധം സംസ്ഥാന നേതാക്കളെ അറിയിച്ച ശേഷമാണ് ഷാ മടങ്ങിയത്. സംസ്ഥാനത്തെ നേതാക്കള്‍ക്ക് ജനങ്ങളുമായി അടുത്ത ബന്ധമില്ലെന്ന് ഭാരവാഹികളുടെ യോഗത്തിലും പ്രവര്‍ത്തക യോഗത്തിലും ഷാ തുറന്നടിച്ചു. ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ച് ജനപിന്തുണ വര്‍ധിപ്പിക്കുകയും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുകയും ചെയ്തില്ലെങ്കില്‍ നേതാക്കള്‍ ഇപ്പോള്‍ ഇരിക്കുന്ന പദവികളില്‍ ഉണ്ടാവില്ലെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. സന്ദര്‍ശനം വിജയം കാണാത്ത സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ നേരിടുന്നത് ഒഴിവാക്കുന്നതിനായി ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം അദ്ദേഹം റദ്ദാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."