ലോക്‌സഭാ തെരഞ്ഞെടുപ്പ്; എന്‍.ജി.ഒ യൂനിയന്റെ സേവനം വട്ടപ്പൂജ്യമെന്ന് സി.പി.എം
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ജി.ഒ യൂനിയന്‍ നല്‍കിയ സേവനം വട്ടപ്പൂജ്യമെന്ന് സി.പി.എം റിവ്യൂ റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണംതേടി സി.പി.എം സംസ്ഥാന കമ്മിറ്റി തയാറാക്കിയ വിശകലന റിപ്പോര്‍ട്ടിലാണ് സര്‍വിസ് സംഘടനാപ്രവര്‍ത്തനം കേരളത്തില്‍ നഷ്ടക്കച്ചവടമാണെന്ന വിലയിരുത്തല്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എന്‍.ജി.ഒ യൂനിയന്‍ നേതൃത്വത്തെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പാര്‍ട്ടി. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ നൂറുശതമാനം ശരിവയ്ക്കുന്ന രീതിയിലാണ് ബൂത്ത്, ബ്രാഞ്ച് തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഞെട്ടിക്കുന്നതായിരുന്നു ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടിന്റെ നില. പല മണ്ഡലങ്ങളിലും ഇടത്-വലത് മുന്നണികള്‍ പോസ്റ്റല്‍ വോട്ടില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുകയും ഇരുമുന്നണികളെയും വിറപ്പിച്ച് ജീവനക്കാര്‍ക്കിടയില്‍ ബി.ജെ.പി നിര്‍ണായക ശക്തിയായി വളര്‍ന്നുവരുന്നതിന്റെ കാഴ്ചയാണ് ദൃശ്യമായത്.
എന്‍.ജി.ഒ യൂനിയന്‍ നേതൃത്വത്തോടുള്ള കടുത്ത വെറുപ്പാണ് പലയിടത്തും കടുത്ത ഇടതുപക്ഷക്കാരായ ജീവനക്കാര്‍ പോലും വോട്ട് മറിക്കാന്‍ കാരണമെന്നും വിലയിരുത്തലിലുണ്ട്. സ്ഥലംമാറ്റം പോലുള്ള വിഷയങ്ങളില്‍ സംഘടനയില്‍ അസംതൃപ്തി പുകയുകയാണ്. ഇതിനുപുറമെ സംഘടനയുടെ നിഷ്‌ക്രിയത്വം കാരണം സര്‍വിസ് മേഖലയില്‍ കാറ്റഗറി സംഘടനകളും വ്യാപകമാവുകയാണ്.
യൂനിയന്‍ അംഗത്വമെടുത്തവരില്‍ ഭൂരിഭാഗവും കാറ്റഗറി സംഘടനകളില്‍ ചേക്കേറിക്കൊണ്ടിരിക്കുന്നത് പുകയുന്ന അസംതൃപ്തിയുടെ സൂചനയായാണ് സി.പി.എം റിവ്യൂ റിപ്പോര്‍ട്ട് കണക്കാക്കുന്നത്. ജില്ലകളില്‍ മാത്രമല്ല, സംസ്ഥാന നേതൃത്വത്തില്‍ പോലും യാതൊരു പ്രവര്‍ത്തന പാരമ്പര്യവുമില്ലാത്തവര്‍ കടന്നുകൂടിയതായും കീഴ്ഘടക ചര്‍ച്ചകളില്‍ പലരും കുറ്റപ്പെടുത്തി. പലവിധ സ്വാധീനത്താലും ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തന പരിചയം കൊണ്ടുമാത്രം സംഘടനയുടെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയവരുടെ പട്ടിക സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ്യതയില്ലാതെ ഒരു സുപ്രഭാതത്തില്‍ ഭാരവാഹിത്വത്തിലേക്ക് എത്തപ്പെട്ടവരെ മാറ്റിയില്ലെങ്കില്‍ സര്‍വിസ് സംഘടനാമേഖല പാര്‍ട്ടിക്ക് ബാധ്യതയായി മാറുമെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. ഇടതു ഭരണമായിട്ടും ചില വകുപ്പുകളില്‍ അഴിമതിക്ക് ഒട്ടും കുറവുവന്നിട്ടില്ലെന്ന് താഴേത്തട്ട് ചര്‍ച്ചകളും കുറ്റപ്പെടുത്തുന്നു. പല ജില്ലകളിലും സി.പി.എം ജില്ലാനേതൃത്വം സര്‍വിസ് സംഘടനയുടെ ജില്ലാ ഘടകത്തിന് കീഴെയാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും റിവ്യൂവിലുണ്ട്. സ്ഥലംമാറ്റ ശുപാര്‍ശകളില്‍ സി.പി.എം ജില്ലാ സെക്രട്ടറിമാരുടെ ശുപാര്‍ശകള്‍പോലും നിഷ്‌കരുണം തള്ളുന്ന അവസ്ഥ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ നിരവധിതവണ പരാതിയായി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."