ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ ചെലവാക്കുന്നില്ല; കണക്കു പുറത്തുവിട്ട് മന്ത്രി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ ചെലവഴിക്കുന്നുവെന്ന ബി.ജെ.പിയുടെ പ്രചാരണത്തിനു മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ നീക്കിയിരുപ്പു തുക ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണെന്നും അതില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകടത്താറില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപ ദേവസ്വം വകുപ്പ് നല്‍കി. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിനു രൂപ ഇതിനു പുറമെയാണ്.
ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ വേണ്ടി വരുന്ന 487 കോടി രൂപ ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേണ്ടിവന്നത് 678 കോടി രൂപയാണ്.
ശബരിമലയില്‍ നിന്നുള്ള 342 കോടി രൂപയുള്‍പ്പെടെ ക്ഷേത്രങ്ങളില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത് ആകെ 683 കോടി രൂപയാണ്.
ബോര്‍ഡിനു കീഴിലുള്ള 1249 ക്ഷേത്രങ്ങളില്‍ 61 ക്ഷേത്രങ്ങളില്‍ മാത്രമാണ് വരുമാനമുള്ളത്. 1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മറ്റു ക്ഷേത്രങ്ങളിലെ വരുമാനവും സര്‍ക്കാര്‍ സഹായവും ഉപയോഗിച്ചാണ്.
ഇതെല്ലാം മറച്ചുവച്ചു തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."