നെടുങ്കണ്ടം കസ്റ്റഡിക്കൊല സി.ബി.ഐക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അന്വേഷണം സി.ബി.ഐക്കു വിടാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലിസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനമെടുത്തത്. കേസ് സി.ബി.ഐക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് പൊലിസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. നിലവില്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.
ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം സി.ബി.ഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് എടുത്തിരിക്കുന്നത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇടയായ സാഹചര്യം, അസ്വാഭാവിക മരണം എന്നിവയ്ക്കാണ് നെടുങ്കണ്ടം പൊലിസ് ക്രൈം 34919 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അന്വേഷണമാണ് സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. കൂടാതെ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിക്രമങ്ങളിലും പാളിച്ചയുള്ളതായും ആരോപണം ശക്തമാണ്. ഇക്കാര്യങ്ങളൊക്കെ സി.ബി.ഐ അന്വേഷണ പരിധിയില്‍ വരും. ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വസിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇടുക്കി തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്.
കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കോടതി വിധി വരും മുന്‍പേ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."