കന്നുകാലി സംരക്ഷണം തര്‍ക്കവിഷയമല്ല
കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രതിനിധിയുമായി കേന്ദ്രനിയമ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ അഭിമുഖത്തിനിടയില്‍ കന്നുകാലി സംരക്ഷണം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഇടയിലുള്ള തര്‍ക്കവിഷയമാണെന്ന പരാമര്‍ശം നടത്തിയത് ദുരുദ്ദേശ്യപരമാണ്. മുസ്്‌ലിംകള്‍ വര്‍ഷങ്ങളിലൂടെ ആരാധനക്കായി ഉപയോഗിച്ചുവന്ന ബാബരി മസ്ജിദില്‍ ഒരു രാത്രിയില്‍ വിഗ്രഹം നിക്ഷേപിച്ച് അതൊരു തര്‍ക്കവിഷയമാണെന്ന് വരുത്തിത്തീര്‍ത്ത കുടിലതന്ത്രമാണ് ഇവിടെയും സംഘ്പരിവാര്‍ ആവര്‍ത്തിക്കുന്നത്. ഒരു വിഷയം യുക്തിഭദ്രമായും തെളിവുകളുടെ അടിസ്ഥാനത്തിലും നിരത്തുവാന്‍ കഴിയാതെ വരുമ്പോള്‍ അതൊരു തര്‍ക്കവിഷയമാണെന്ന് വരുത്തിത്തീര്‍ക്കല്‍ ആര്‍.എസ്.എസിന്റെ അജന്‍ഡകളില്‍ ഒന്നാണ്.
മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമമാണ് കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലുള്ളത്. മൃഗസംരക്ഷണവും പരിപാലനവും വിപണനവും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ പെട്ടതാണ് എന്നിരിക്കെ മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരില്‍ കന്നുകാലിച്ചന്തകളിലെ വിപണനം ഇല്ലാതാക്കുക അതുവഴി വലിയൊരു ജനവിഭാഗത്തിന്റെ തൊഴില്‍മേഖല മുച്ചൂടും നശിപ്പിക്കുക എന്ന കുരുട്ടുബുദ്ധിയാണിവിടെ ബി.ജെ.പി സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്. അതാണിപ്പോള്‍ തര്‍ക്കവിഷയമാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ചുരുട്ടിക്കെട്ടി കേന്ദ്രനയം സാധൂകരിക്കാന്‍ ശ്രമിക്കുന്നത്. ആരുടെയും ആഹാരശീലങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുകയില്ലെന്ന് പറയുമ്പോള്‍ തന്നെ ഹിന്ദുത്വ ശക്തികളെ വിട്ട് ഇരുട്ടിന്റെ മറവില്‍ കന്നുകാലിക്കച്ചവടക്കാരെ അക്രമിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ആഹാരത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് പാര്‍ലമെന്റ് പാസാക്കിയ നിയമം സെക്ഷന്‍ പതിനൊന്നില്‍ പറയുന്നുണ്ട്. അതറിയാത്ത ആളല്ല നിയമമന്ത്രി. ഭക്ഷ്യവസ്തുക്കളുടെ ക്രയവിക്രയത്തെ തടഞ്ഞ് അത് മൃഗങ്ങളോടുള്ള ക്രൂരതയുടെ വകുപ്പില്‍ പെടുത്തുന്നത് ഒരു സമുദായത്തിനോട് മാത്രം ചെയ്യുന്ന അനീതിയല്ല.
ഹിന്ദു സമൂഹത്തില്‍ ധാരാളം പേര്‍ കന്നുകാലി വില്‍പനയുമായി ജീവിക്കുന്നുണ്ട്. ബീഫ് കഴിക്കുന്നവരില്‍ എല്ലാവിഭാഗക്കാരുമുണ്ട്. ആ നിലക്ക് ഇതൊരു മതേതരത്വത്തിന് നേരെയുള്ള കടന്നാക്രമണമായി വേണം കാണാന്‍. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരേ ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനാണ് ഇതുവഴി സര്‍ക്കാര്‍ കത്തിവെച്ചരിക്കുന്നത്. ഇതുവഴി ആളുകളെ വര്‍ഗീയമായി വിഭജിക്കാനും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുമാണ് ബി.ജെ.പി തന്ത്രങ്ങള്‍ മെനയുന്നത്. സത്യമായ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും, നിയമവിരുദ്ധമായും രാഷ്ട്രീയപരമായും അജന്‍ഡകള്‍ നിര്‍മിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തുറന്നുകാണിക്കാനും അതിനെ കൃത്യമായി അഭിസംബോധന ചെയ്യുവാനും മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയേണ്ടതുണ്ട്.
ബീഫ് പ്രശ്‌നം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമാക്കിത്തീര്‍ക്കുന്നതില്‍ ബി.ജെ.പി വിജയിക്കുന്നുണ്ടെങ്കില്‍ ആ കെണിയില്‍ മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ വീഴാന്‍ പാടില്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും മാംസാഹാരികളാണ്. ആ ഭക്ഷണസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമായി വേണം കാലിച്ചന്തകളുടെ മറവില്‍ ബീഫിനെ നിരോധിക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ കാണാന്‍. 2019 ല്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള ഒരു കുരുട്ടുബുദ്ധിയാണിവിടെ സംഘ്പരിവാര്‍ പ്രയോഗിച്ചിരിക്കുന്നത്. പശുവിനോട് കാണിക്കുന്ന ദയ സാധുമൃഗമായ ആടിനോട് കാണിക്കാത്തതില്‍ നിന്നു തന്നെ ഈ വര്‍ഗീയ വിഭജനത്തിന്റെ ചരട് കാണാനാകും. മൃഗങ്ങളോടുള്ള ക്രൂരത തടയാനാണെങ്കില്‍ ആടുകളോടുള്ള ക്രൂരതയും തടയേണ്ടതല്ലേ. മൃഗങ്ങളുടെ കാര്യത്തിലും വിവേചനം വരുമ്പോഴാണ് ഇതിനുള്ളിലെ വര്‍ഗീയത ഫണം വിടര്‍ത്തിയാടുന്നത് കാണാനാവുക.
സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ പെട്ട കാലി സംരക്ഷണവും വിപണനവും തര്‍ക്കവിഷയമാക്കി ചിത്രീകരിച്ച് ബീഫ് പരോക്ഷമായി നിരോധിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നീക്കത്തെ മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണമായി വേണം കാണാന്‍. ആ കാഴ്ചപ്പാടിലൂടെ വേണം ഇതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."