കേരളത്തില്‍ ലോജിസ്റ്റിക് ഹബ്ബുകള്‍ ആവശ്യമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
കൊച്ചി: ചരക്കുഗതാഗത മേഖലയില്‍ കേരളത്തില്‍ ലോജിസ്റ്റിക് ഹബ്ബുകള്‍ ആവശ്യമാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സി.ഐ.ഐ)യുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവിലെ ദി ഗേറ്റ്‌വേ ഹോട്ടലില്‍ സംഘടിപ്പിച്ച ലോജിസ്റ്റിക്‌സ് കോണ്‍ക്ലേവ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മറ്റു സംസ്ഥാനങ്ങളില്‍ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് ലോജിസ്റ്റിക് ഹബ്ബുകള്‍ ഉപയോഗിച്ചു വരുന്നത്. നിലവില്‍ കേരളത്തില്‍ ഇത്തരം ശാസ്ത്രീയ സംവിധാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും കപ്പല്‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയാണ് കേരളത്തില്‍ ചരക്കുനീക്കം നടത്തുന്നത്. ഇതില്‍ 90 ശതമാനം ചരക്കുനീക്കവും നടക്കുന്നത് റോഡുകളിലൂടെയാണ്. കണ്ടെയ്‌നര്‍ ലോറികള്‍ നഗരങ്ങളിലെ റോഡുകളില്‍ പ്രവേശിക്കുന്നത് മറ്റു യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നഗരങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനും ചരക്കുഗതാഗതം സുഗമമാക്കുന്നതിനും ക്രിയാത്മകമായ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശാസ്ത്രീയപഠനങ്ങള്‍ നടത്തി ലോജിസ്റ്റിക് രംഗത്തെ വിദഗ്ധര്‍ പ്രൊജക്ട് സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ നിരവധി പരാതികള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോവാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.ലോജിസ്റ്റിക്‌സ് കോണ്‍ക്ലേവ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സിബിഷനും ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്തു. ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എം.ഡി.യും സി.ഐ.ഐ കേരള ലോജിസ്റ്റിക്‌സ് കണ്‍വീനറുമായ എന്‍.എ മുഹമ്മദ്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."