വേറിട്ട മാതൃകയില്‍ പുതിയപാഠങ്ങളുമായി ലൈവ് തൃക്കരിപ്പൂര്‍
തൃക്കരിപ്പൂര്‍: ആദരവിന്റെയും അനുമോദനത്തിന്റെയും മേഖലയില്‍ വേറിട്ട മാതൃക തീര്‍ക്കുകയാണ് ലൈവ് തൃക്കരിപ്പൂര്‍. മികവു തെളിയിക്കുന്നവരെ മാത്രമല്ല, അവരെ പ്രസ്തുത നേട്ടം കൈവരിക്കാന്‍ പ്രാപ്തരാക്കിയ രക്ഷിതാക്കളെയും അധ്യാപകരെയും ആദരിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ ഉപരിഠനത്തിനു സഹായിയും വഴികാട്ടിയുമാവുകയാണ് ലൈവ് തൃക്കരിപ്പൂര്‍ എന്ന സംഘടന.
വിദ്യാര്‍ഥി ശാക്തീകരണം, അധ്യാപക ശാക്തീകരണം, രക്ഷകര്‍ത്താക്കള്‍ക്കുള്ള പാരന്റിങ്, മനശാസ്ത്ര കൗണ്‍സിലിങ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ മേഖലകളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചും വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചുമാണ് ലൈവ് തൃക്കരിപ്പൂരില്‍ ലൈവാകുന്നത്. രണ്ടു വര്‍ഷം മുന്‍പ് അബൂദബിയില്‍ എന്‍ജിനിയറും കെ.എം.സി.സി നേതാവുമായ തൃക്കരിപ്പൂരിലെ സി. സമീറിന്റെ നേതൃത്വത്തിലാണ് ലൈവ് തൃക്കരിപ്പൂരിന് രൂപം നല്‍കിയത്. വിദ്യാഭ്യാസപരമായി നാടിനെ ഉന്നതിയിലെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ചെയര്‍മാനും ഷൗക്കത്ത് അക്കാളത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗ്രാമപഞ്ചായത്തംഗം സത്താര്‍ വടക്കുമ്പാട് ഫിനാന്‍സ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്ന പതിനൊന്നംഗ സംഘമാണ് ലൈവ് തൃക്കരിപ്പൂരിന് പിന്നില്‍.
2000ത്തിനടുത്ത് ഗുണഭോക്താക്കള്‍ ലൈവ് തൃക്കരിപ്പൂരിനുണ്ട്. പ്രൈമറി വിദ്യാര്‍ഥികളെ പഠനത്തില്‍ ഉത്സുകരാക്കുന്നതു മുതല്‍ സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതുവരെ വിപുലമാണ് ലൈവിന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."