ജി.എസ്.ടിയില്‍ കേരളത്തിനായി സെസ്: സംസ്ഥാനങ്ങളുടെ നിലപാട് തേടും
ന്യൂഡല്‍ഹി: പ്രളയക്കെടുതി അതിജീവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി ജി.എസ്.ടിയില്‍ അഖിലേന്ത്യാതലത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് തേടും. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാര യോഗത്തിലാണ് ഈ തീരുമാനം.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രളയക്കെടുതി അതിജീവിക്കുന്നതിനു ദേശീയ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളില്‍നിന്നുള്ള ധനം അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചില ഉല്‍പന്നങ്ങള്‍ക്കു ദേശീയാടിസ്ഥാനത്തില്‍ ജി.എസ്.ടിയില്‍ അധിക സെസ് ചുമത്തി അധിക വിഭവസമാഹരണത്തിനു കഴിഞ്ഞ കൗണ്‍സിലില്‍ ധാരണയായിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്. അതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കാന്‍ തീരുമാനിച്ചതായി യോഗത്തില്‍ പങ്കെടുത്ത മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
പ്രത്യേക സെസ് എന്ന ആശയത്തോട് അംഗങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ വായ്പാപരിധി മൂന്നു ശതമാനത്തില്‍നിന്ന് ഉയര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാര യോഗത്തില്‍ എതിര്‍പ്പുയര്‍ന്നതോടെ ഇക്കാര്യം പരിശോധിക്കാനായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."