എം.ജെ അക്ബറിന്റെ മാനനഷ്ടക്കേസ് ഇരകളെ പിന്തിരിപ്പിക്കാന്‍
അതിഗുരുതരമായ ലൈംഗികാരോപണമാണ് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരേ ഉയര്‍ന്നത്. അക്ബര്‍ വിദേശസന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അദ്ദേഹത്തില്‍നിന്നു രാജി ആവശ്യപ്പെടാതിരിക്കുന്നതു ബി.ജെ.പി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനുള്ള തെളിവാണ്.
രാഷ്ട്രീയപ്രതിയോഗികളെയും നിഷ്പക്ഷരായ മാധ്യമപ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കി അര്‍ധരാത്രിയില്‍ വീടും ഓഫിസും റെയ്ഡ് ചെയ്യുന്ന മോദി സര്‍ക്കാര്‍ ഏഴു വനിതകള്‍ പരാതിപ്പെട്ടിട്ടും എം.ജെ അക്ബറിനെ വിളിച്ചുവരുത്തി ചോദിച്ചതുപോലുമില്ല. പ്രധാനമന്ത്രി എത്ര സംരക്ഷിച്ചു നിര്‍ത്തിയാലും എം.ജെ അക്ബറിന്റെ രാജി അനിവാര്യമാണ്.
തനിക്കെതിരേ ലൈംഗികാരോപണമുയര്‍ത്തിയവരെ ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കാനാണ് അക്ബര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ആദ്യം പരാതി പറഞ്ഞ പ്രിയാ രമണിക്കെതിരേ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. ഇനിയാരെങ്കിലും തനിക്കെതിരേ വെളിപ്പെടുത്താന്‍ വരുമെങ്കില്‍ കേസിന്റെ ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനാണിത്. കേസുകൊടുത്താലും അക്ബറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നു ജനം വിശ്വസിക്കില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞതു നടപ്പാക്കാനാവില്ലെന്ന ബോധത്തോടെയായിരുന്നെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയും പറഞ്ഞതു കേരളീയര്‍ മറന്നുകാണില്ല. അതുപോലൊരു പൊള്ള മുദ്രാവാക്യമായിരുന്നോ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്നത്. എം.ജെ അക്ബറിനെപ്പോലുള്ളവരുടെ മുന്നില്‍ പെണ്‍കുട്ടികള്‍ എത്ര സുരക്ഷിതരാണെന്നു ചിന്തിക്കാവുന്നതേയുള്ളൂ.
തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണു തനിക്കെതിരേ ആരോപണമുയര്‍ത്തിയിരിക്കുന്നതെന്ന അക്ബറിന്റെ വാദം ബാലിശമാണ്. അക്ബറിനെപ്പോലുള്ളവര്‍ക്കു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എന്തു പ്രസക്തിയാണുള്ളത്. നേരത്തേ കോണ്‍ഗ്രസില്‍ ചേരുകയും ആവോളം ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയും ചെയ്ത ഈ ഭാഗ്യാന്വേഷി 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കാറ്റ് ബി.ജെ.പിക്ക് അനുകൂലമാണെന്നു കണ്ട് ബി.ജെ.പിയില്‍ ചേക്കേറുകയായിരുന്നു. അതിന്റെ നന്ദി പ്രകടനമായാണു നരേന്ദ്രമോദി എം.ജെ അക്ബറിനു രാജ്യസഭാ സീറ്റ് വച്ചുനീട്ടിയത്.
അതിന്റെ ബലത്തിലാണ് സഹമന്ത്രിയായത്. ഇങ്ങനെയുള്ള അക്ബറിന് തെരഞ്ഞെടുപ്പുമായി എന്തു ബന്ധം. പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ആരോപണത്തിനു പിന്നിലെന്നും അക്ബര്‍ പറയുന്നുണ്ട്.
എം.ജെ അക്ബര്‍ കേന്ദ്രത്തില്‍ സഹമന്ത്രിയാണെന്നുള്ള വിവരംതന്നെ പൊതുസമൂഹം അറിയുന്നത് അദ്ദേഹം ലൈംഗികാപവാദത്തില്‍പ്പെട്ടതിനു ശേഷമായിരിക്കാം. അദ്ദേഹത്തിന്റെ പ്രശസ്തി മാധ്യമ മേഖലയില്‍ മാത്രം ഒതുങ്ങുന്നതുമാണ്. പിന്നെയെന്ത് പ്രതിച്ഛായാ നഷ്ടം. ഏഴു വനിതകള്‍ അക്ബറിന്റെ പ്രതിച്ഛായ തകര്‍ക്കാനായി കച്ച കെട്ടിയിറങ്ങിയതാണെന്നാണോ പൊതുജനം കരുതേണ്ടത്.
മാധ്യമ പ്രവര്‍ത്തകയും മിന്റ്‌ലോഞ്ച് എഡിറ്ററുമായ പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യമായി പീഡന പരാതി ഉയര്‍ത്തിയത്. ഏഷ്യന്‍ ഏജ് പത്രത്തില്‍ ജോലി ചെയ്ത ആറു മാസം അക്ബറില്‍നിന്നു ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്ന് തുടര്‍ന്ന് ഗസാം വഹാബും ആരോപിച്ചു. പിന്നീട് നിരവധി വനിതകള്‍ പരാതികളുമായി രംഗത്തെത്തി. അതില്‍ അവസാനത്തേതാണ് കൊളംബിയയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. മാന്യതയുടെ മുഖംമൂടിയണിഞ്ഞ് അകമേ കാട്ടാളസംസ്‌കാരവുമായി നടക്കുന്ന ഇത്തരം ആളുകളുടെ മുഖംമൂടികള്‍ വലിച്ചു ചീന്തപ്പെടണം. എന്നാല്‍ മാത്രമേ സംശുദ്ധവും സംസ്‌കാരസമ്പന്നവുമായ പൊതുഇടങ്ങളും തൊഴിലിടങ്ങളും സാധ്യമാകൂ.
എത്ര ഉയര്‍ന്ന പദവിയിലെത്തിയാലും സ്ത്രീകളെ മാനിക്കാതെ അവരെ കേവലം ഉപഭോഗവസ്തുവായി കാണുന്ന എം.ജെ അക്ബറിനെപ്പോലുള്ളവര്‍ പൊതുധാരയില്‍നിന്നു തൂത്തെറിയപ്പെടണം. ഇത്തരം ആളുകള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ തുടരുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലാണ്.
മന്ത്രി ശുദ്ധനാണെങ്കില്‍ മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണത്തെ ചങ്കൂറ്റത്തോടെ അഭിമുഖീകരിക്കുകയാണു വേണ്ടത്. നിരപരാധിയാണെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കാമല്ലൊ. അതുവഴി ശുദ്ധരായ മനുഷ്യര്‍ക്കെതിരെ വ്യാജ പരാതി ഉന്നയിക്കുന്നവര്‍ക്ക് താക്കീത് നല്‍കാനും കഴിയും.
മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന അശ്ലീലകൃത്യം ചെയ്യുന്നവര്‍ക്കെതിരെ മൂന്നു മാസത്തെ തടവു ശിക്ഷയും അവിഹിതബന്ധത്തിനു പ്രേരിപ്പിക്കുന്ന പ്രവൃത്തിക്ക് 10 വര്‍ഷത്തെ തടവും പിഴയും സ്ത്രീക്കു നേരെ നടത്തുന്ന കൈയേറ്റമോ കുറ്റകരമായ ബലപ്രയോഗമോ ഉണ്ടായാല്‍ ഒന്നു മുതല്‍ 5 വര്‍ഷംവരെ തടവും പിഴയും വിധിക്കുന്നുണ്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍. ഇതെല്ലാം നിയമമാണെന്നറിഞ്ഞിട്ടും ഇരകളായ സ്ത്രീകള്‍ തുറന്നുപറഞ്ഞിട്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി അന്വേഷണം ആവശ്യപ്പെട്ടിട്ടും ബി.ജെ.പി സര്‍ക്കാര്‍ മൗനം പാലിക്കുന്നത് സ്ത്രീ സമൂഹത്തോടുള്ള അവഹേളനം കൂടിയാണ്. ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുകയും അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്കു കൂച്ചുവിലങ്ങുകള്‍ തീര്‍ക്കുകയും ചെയ്യുന്ന ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ പെരുകിക്കൊണ്ടിരിക്കുമ്പോള്‍ അനങ്ങാതിരിക്കുന്നത് സ്ത്രീ വിരുദ്ധമായ നിലപാടിന്റെ മുഖമുദ്രയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുവാനും സ്ത്രീകള്‍ക്കു നിര്‍ഭയമായും സുരക്ഷിതമായും യാത്ര ചെയ്യാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഡല്‍ഹിയിലെ 'നിര്‍ഭയ' സംഭവത്തിനു ശേഷവും ഇന്ത്യയില്‍ ഉണ്ടായില്ല.
അതിക്രമങ്ങള്‍ക്കെതിരേ നടപടി ഉണ്ടാകാത്തതിനാലാണ് എം.ജെ അക്ബറിനെപ്പോലുള്ളവര്‍ക്ക് ഇരകള്‍ക്കു നേരെ ഭീഷണി ഉയര്‍ത്താന്‍ ധൈര്യം പകരുന്നത്. അതിന്റെ ഭാഗമാണ് പ്രിയാ രമണിക്കെതിരേ മാനനഷ്ടത്തിനു കേസ് കൊടുത്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."