കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനായി നാളെ യു.എന്‍ രക്ഷാസമിതി യോഗം ചേര്‍ന്നേക്കും; യോഗം ചൈനയുടെ ആവശ്യത്തിന് പിന്നാലെ
യുനൈറ്റഡ് നാഷന്‍സ്: കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനായി മാത്രം നാളെ യു.എന്‍ രക്ഷാസമിതി ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റേഡിയോ പാകിസ്താനെ ഉദ്ധരിച്ച് പ്രമുഖ പാക് പത്രം ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്. ഇന്ത്യാ- പാക് ക്വസ്റ്റ്യന്‍ എന്ന അജണ്ടയായി നാളത്തെ രക്ഷാസമിതി ചര്‍ച്ചചെയ്യുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷാസമിതി അധ്യക്ഷനും പോളീഷ് നയതന്ത്ര ഉദ്യോഗസ്ഥനുമായ ജൊവാന്ന റെനേക്കയും ഇക്കാര്യം സ്ഥിരീകരിച്ചതായി ജിയോ ടി.വിയും റിപ്പോര്‍ട്ട്‌ചെയ്തു.
കശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത വിഷയം ചര്‍ച്ചചെയ്യാനായി പ്രത്യേക യോഗം ചേരണമെന്ന് ഇന്നലെ യു.എന്‍ രക്ഷാസമിതിയോട് ചൈന ആവശ്യപ്പെട്ടു. 'ഇന്ത്യ- പാകിസ്താന്‍ ചോദ്യം' എന്ന വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈന യു.എന്‍ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു കത്തയച്ചു. കശ്മീരിനെ വിഭജിച്ച് ലഡാക് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചര്‍ച്ചചെയ്യാനായി രക്ഷാസമിതി ചേരുന്നത്. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള രാജ്യമാണ് ചൈന.
ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ചൈന ഇടപെടുന്നത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് നേരത്തെ പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യം ഉന്നയിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി രക്ഷാസമിതി അധ്യക്ഷന് കത്തയക്കുകയും ചെയ്തിരുന്നു.
UNSC likely to hold session on occupied Kashmir on Friday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."