ചെസ്റ്റ് ആശുപത്രിക്കും ഡെന്റല്‍ കോളജിനും തിരിച്ചുകിട്ടിയത് നാലു കോടിയുടെ ഉപകരണങ്ങള്‍
ചേവായൂര്‍: എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിയിലും ഡെന്റല്‍ കോളജിലും നടത്തിവന്ന ക്യാംപ് സമാപിച്ചു. 11 എന്‍ജിനീയറിങ് കോളജുകളിലെ 17 എന്‍.എസ്.എസ് യൂനിറ്റുകളില്‍ നിന്നായി 170ഓളം വിദ്യാര്‍ഥികളാണു ക്യാംപില്‍ പങ്കെടുത്തത്. ഉപയോഗ ശൂന്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കേടുപാടുകള്‍ തീര്‍ത്ത് ആശുപത്രിക്ക് തിരിച്ചുനല്‍കിയതിലൂടെ നാലു കോടിയുടെ നേട്ടമാണ് സര്‍ക്കാരിനുണ്ടായത്.
എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായാണു ക്യാംപ് സംഘടിപ്പിച്ചത്. നൂറുകണക്കിനു കട്ടിലുകളും നൂറോളം ഡെന്റല്‍ ചെയറുകളും നിരവധി ട്രോളികളും ഇ.സി.ജി മെഷിനുകളും നെബുലൈസറുകളും കേടുപാടുകള്‍ തീര്‍ത്ത് ആശുപത്രിക്ക് തിരിച്ചുനല്‍കി. മൂന്നു വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന വലിയ അലക്കുയന്ത്രം പ്രവര്‍ത്തിപ്പിച്ചു. കട്ടിലുകള്‍ പെയിന്റ് ചെയ്തു. കഴിഞ്ഞ 12ന് തുടങ്ങിയ ക്യാംപ് നാല് ദിവസത്തെ സേവന പ്രവര്‍ത്തനത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് അവസാനിച്ചത്.
സമാപനചടങ് ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് റീജ്യനല്‍ കോഡിനേറ്റര്‍ അശ്വിന്‍ രാജ് അധ്യക്ഷനായി. ഡെന്റല്‍ കോളജ് പ്രിസിപ്പല്‍ ഡോ. ഗില്‍സ കെ. വാസുണ്ണി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.പി കണ്ണന്‍, എന്‍.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോഡിനേറ്റര്‍ അജിത, ടെക്‌നിക്കല്‍ സെല്‍ ഉപദേശക സമിതി അംഗം ആബിദ് തറവട്ടത്ത്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ധനേഷ് കെ ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."