പദ്ധതിനിര്‍വഹണം സുഗമമാക്കാന്‍ ബ്ലോക്കുതല അവലോകന യോഗങ്ങള്‍
കോഴിക്കോട്: ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്‍, സെക്രട്ടറി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ബ്ലോക്കുതല അവലോകന യോഗം നടത്താന്‍ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. പദ്ധതിനിര്‍വഹണത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന രീതിയിലാണ് അവലോകന യോഗം നടത്തുക. ജില്ലകളില്‍ പരിഹരിക്കാന്‍ സാധിക്കാത്തവ വകുപ്പ് മേധാവികള്‍ മുഖേന സര്‍ക്കാരിനെ അറിയിക്കും.
ഗുണഭോക്തൃ ലിസ്റ്റ് തിരഞ്ഞെടുപ്പ്, ഗുണഭോക്തൃ ലിസ്റ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറല്‍, ഗുണഭോക്തൃ ലിസ്റ്റ് ജില്ലാ പഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും കൈമാറല്‍, സാങ്കേതിക അനുമതി എന്നിവ പൂര്‍ത്തിയാക്കല്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവ മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ തുക ഡെപ്പോസിറ്റ് ചെയ്യല്‍, 2019-20 വാര്‍ഷിക പദ്ധതി രൂപീകരണ നടപടിക്രമങ്ങള്‍ എന്നിവയാണു പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതോടൊപ്പം പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങള്‍. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ആസൂത്രണ സമിതി അംഗങ്ങള്‍ യോഗത്തിന്റെ ചുമതല വഹിക്കും. 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 230 പുതിയ പദ്ധതികളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ 45 പദ്ധതികള്‍ ഒഴിവാക്കാനും 41 പദ്ധതികള്‍ ഭേദഗതി ചെയ്യാനും യോഗം തീരുമാനിച്ചു.
ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, പ്രൊഫ. പി.പി അബ്ദുല്‍ ലത്തീഫ്, ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."