മീസില്‍സ് - റൂബെല്ല നിര്‍മാര്‍ജ്ജനത്തിന് തീവ്രയജ്ഞ പരിപാടി ജൂലൈ 31 മുതല്‍
തിരുവനന്തപുരം: ജില്ലയില്‍ മീസില്‍സ്-റൂബെല്ല രോഗങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നത് ലക്ഷ്യമാക്കി ജൂലൈ 31 മുതല്‍ നാല് ആഴ്ചക്കാലം തീവ്രയജ്ഞപരിപാടിയുമായി ആരോഗ്യവകുപ്പ്.
ഒന്‍പതുമാസം മുതല്‍ പതിനഞ്ച് വയസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധകുത്തിവെയ്പ്പു നല്‍കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.
മൂന്ന് ഘട്ടമായി നടത്തുന്ന പ്രതിരോധയജ്ഞത്തിലെ ആദ്യഘട്ടത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കും.
രണ്ടാം ഘട്ടത്തില്‍ അംഗനവാടികളെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും കേന്ദ്രീകരിച്ച് ഒന്‍പത് മാസത്തിനും അഞ്ചു വയസ്സിനുമിടയിലുള്ള കുട്ടികളെ കണ്ടെത്തി വാക്‌സിന്‍ നല്‍കും.
മൂന്നാം ഘട്ടത്തില്‍ സൂക്ഷമപരിശോധന നടത്തി അവശേഷിക്കുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഗര്‍ഭിണികളെ ബാധിക്കുന്ന റൂബെല്ല ജനിക്കുന്ന കുട്ടികളില്‍ വൈകല്യങ്ങളുണ്ടാക്കുന്നതിനും ഗര്‍ഭമലസലിനും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിന് വരെ കാരണമായേക്കാം. ചെറിയ തടിപ്പും കടുത്തപനിയുമായി വരുന്ന മീസില്‍സ് ചിലപ്പോഴൊക്കെ മരണത്തിന് വരെയും കാരണമായേക്കാവുന്ന തരത്തില്‍ അപകടകാരിയാവുമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ ആശാ രാഘവന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."