നിര്‍മാണത്തിലെ സുരക്ഷാ വീഴ്ചകള്‍ കവര്‍ന്നത് പരിസ്ഥിതി ദിനത്തില്‍ നാല് ജീവനുകള്‍
ശ്രീകാര്യം: പരിസ്ഥിതി സൗഹൃദമല്ലാത്ത നിര്‍മാണത്തിലെ സുരക്ഷാ വീഴ്ച ലോക പരിസ്ഥിതി ദിനത്തില്‍ കവര്‍ന്നത് നാലു ജീവനുകള്‍.
പാങ്ങപ്പാറയിലെ പത്തൊമ്പത് നില ഫ്‌ളാറ്റ് നിര്‍മാണത്തിലെ ഭൂവികസനം യാതൊരുവിധമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് ആക്ഷേപം ശക്തമാണ്. റോഡില്‍ നിന്ന് ചരിവായി കിടന്ന ഭൂമി ഒരു കുടുംബത്തിലെ വിവിധ ആളുകളുടേതായിരുന്നു.
മൂന്നേക്കറോളം വരുന്ന ഈ ഭൂമിയാണ് പത്തൊമ്പത് നില ഫ്‌ളാറ്റ് നിര്‍മാണത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാഡര്‍ എന്ന കണ്‍സ്ട്രക്ഷന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി വാങ്ങി ഫ്‌ളാറ്റ് നിര്‍മാണം നടത്തുന്നത്.
ചരിവായ ഭൂമി അറുപത് അടിയോളം താഴ്ചയില്‍ മണ്ണ് അടിച്ചു താഴ്ത്തി താഴത്തെ ഭൂനിരപ്പിന് സമാനമാക്കിയാണ് നിര്‍മാണം.
അറുപത് അടി താഴ്ചയില്‍ മണ്ണ് ഇടിച്ചു താഴ്ത്തിയ ഭാഗത്ത് വേനല്‍ക്കാലത്തു തന്നെ സുരക്ഷ ഭിത്തി നിര്‍മിക്കാതെ മഴ ആരംഭിച്ച് ഇത്രയേറെ ഉയരത്തിലെ മണ്ണ് നനഞ്ഞു കുതിര്‍ന്നിരിക്കുന്ന സമയത്ത് സുരക്ഷാഭിത്തി നിര്‍മാണം നടക്കുന്നത് സുരക്ഷിതത്ത്വമല്ലെന്ന് മനസ്സിലാക്കാതെ നടത്തിയ നിര്‍മാണമാണ് അപകടം വിളിച്ചു വരുത്തിയത്.
മണ്ണ് ഇടിച്ചു താഴ്ത്തുമ്പോള്‍ ചരിവായി ഇടിക്കണമെന്ന് എന്‍ജിനിയറിംങെ് തത്ത്വം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
തൂക്കായി മണ്ണിടിച്ചു നിറുത്തിയ ശേഷമാണ് അതിനിടയില്‍ കമ്പികെട്ടി കോണ്‍ക്രീറ്റ് മതില്‍ ഉയര്‍ത്താന്‍ ശ്രമം നടന്നത്.
മുകളിലെ കുതിര്‍ന്ന മണ്ണ് ഇടിഞ്ഞു വീഴാന്‍ കാരണമായത് ഇതുകൊണ്ടാണ്.
മണ്ണിന്റെ ഇടിക്കുന്ന താഴ്ചക്കനുസരിച്ച് അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂരം സ്ഥലം വിട്ട ശേഷമാണ് മണ്ണ് ഇടിക്കേണ്ടതെന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ല.
അപകട സ്ഥലത്തിനു മുകളില്‍ അഞ്ചോളം കെട്ടിടങ്ങള്‍ നിലവിലുള്ളത് തുടര്‍ന്നും മഴ പെയ്യുകയാണെങ്കില്‍ ഈ കെട്ടിടങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു.
ഇവിടെയുള്ള കെട്ടിടത്തില്‍ നിന്നും കേവലം രണ്ട് മീറ്റര്‍ ദൂരം മാത്രമാണ് അപകട സ്ഥലത്തെ അറുപതടി താഴ്ചയുള്ള സ്ഥലം. പാങ്ങപ്പാറയില്‍ നിര്‍മാണങ്ങള്‍ക്കെതിരേ അന്വേഷിച്ച് നടപടി എടുക്കുമെന്ന് അപകട സ്ഥലം സന്ദര്‍ശിച്ച മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."