ഡ്രൈഡേ മുടക്കരുതെന്ന് ജില്ലാ കലക്ടര്‍
തിരുവനന്തപുരം: ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി മുമ്പെന്നെത്തേക്കാളും കൂടിയ തോതില്‍ പടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കര്‍ശനമായും ഡ്രൈഡേ ആചരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു.
ഇതിനായി സമൂഹത്തിലെ മുഴുവന്‍ ആളുകളും തുറന്ന മനസോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ടാസ്‌ക്‌ഫോഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാലവര്‍ഷത്തിനുശേഷം ജൂലൈ മാസത്തോടെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തവണ മെയ്മാസത്തോടെ തന്നെ എക്കാലത്തെയും ഉയര്‍ന്ന തരത്തില്‍ ഡെങ്കികേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും നാലുപേര്‍ മരണത്തിന് കീഴ്‌പ്പെടുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിന് തീവ്രശ്രമമുണ്ടാകേണ്ടിയിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പിന്തുണ അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളിലും ഓഫിസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കാനാണ് ആരോഗ്യവകുപ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
അകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുമാണ് ഈ ദിനം ഉപയോഗിക്കുക. ഈ വര്‍ഷം നാളിതുവരെ 3292 ഡെങ്കികേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജോസ് ജെ ഡിക്രൂസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നാല്‍പത് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്. മഴകടുക്കുന്നതോടെ എലിപ്പനി പടരുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ പരിസരത്ത് വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എച്ച് വണ്‍ എന്‍ വണ്‍ പനി സാധാരണ സാഹചര്യങ്ങളില്‍ ശരിയായ വിശ്രമവും മരുന്നുകളും കൊണ്ട് ഭേദമാവുമെന്നും എന്നാല്‍ രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ അറുപത് വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ ഹൃദ്രോഗികള്‍, വൃക്ക,ശ്വാസകോശസംബന്ധിയായ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ക്യാന്‍സര്‍രോഗികള്‍, ആസ്ത്മ രോഗികള്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
യോഗത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ ആശാ രാഘവന്‍ ,നെഹ്‌റുയുവകേന്ദ്ര പ്രോഗ്രാം മാനേജര്‍ രാജന്‍ ആര്‍, കെ.എസ്.ഇ.ബി എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ ഡോണ്‍ കെ എസ്,കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ എ ശശികുമാര്‍ ,പട്ടം കേന്ദ്രീയ വിദ്യാലയ പ്രന്‍സിപ്പല്‍ ഡോ റാണി എസ് ഡി, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ എം പി ബീന, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ദിവ്യ എസ് എസ് റോസ്, കേണല്‍ ആര്‍ വിജയകുമാര്‍, ലെഫ്റ്റനന്റ് കേണല്‍ മധു കൃഷ്ണ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."