പ്രളയം അതിജയിച്ച വീയപുരം ചുണ്ടന്റെ നിര്‍മാണം അവസാനഘട്ടത്തില്‍
ഹരിപ്പാട്: പതിറ്റാണ്ടുകളായുള്ള ജലോത്സപ്രേമികളുടെ ചിരകാലാഭിലാഷം പൂവണിയല്‍ ഉടന്‍. ഓണത്തിന് വീയപുരം പഞ്ചായത്തിലെ പായിപ്പാട് ജലോത്സവത്തില്‍ മത്സരിക്കാന്‍ പഞ്ചായത്തിലെ എല്ലാ കരക്കാര്‍ക്കും കളിവള്ളമുണ്ടായിരുന്നെങ്കിലും വീയപുരം കരക്കുമാത്രം വള്ളമില്ലായിരുന്നു.
വെള്ളംകുളങ്ങര, കാരിച്ചാല്‍, പായിപ്പാട്, ശ്രീഗണേശന്‍, ശ്രീകാര്‍ത്തികേയന്‍, പട്ടേരിപുരക്കല്‍ എന്നീവള്ളങ്ങള്‍ വീയപുരംപഞ്ചായത്തിന് സ്വന്തമാണ്. എന്നാല്‍ കരക്കാര്‍ക്ക് സ്വന്തമായിവള്ളം വേണമെന്ന ആവശ്യവുമായി 26വര്‍ഷം മുമ്പ് ചുണ്ടന്‍ വള്ള സമിതി രൂപീകരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
ജലോത്സവങ്ങളില്‍ കാണികളായി നിന്നിരുന്ന കരക്കാര്‍ വീറും വാശിയും കാണിക്കാന്‍ ചുണ്ടന്‍വള്ളംതന്നെ വാടകക്ക് എടുത്ത് കേരളത്തിലെ ഒട്ടുമിക്ക ജലോത്സവങ്ങളിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഒപ്പം ട്രോഫികളും കരസ്ഥമാക്കിയിട്ടുണ്ട്. ഈ അവ വസരത്തിലാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജോലിചെയ്യുന്ന വീയപുരം സ്വദേശികള്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുന്നത്. വാട്‌സ് ആപ്പ് കൂട്ടായ്മയും, കരക്കാരും കൂടിരക്ഷാധികാരിയായി കൊട്ടാരത്തില്‍ രഘുവിനേയും പ്രസിഡന്റായി ആറ്റുമാലില്‍ ജയനേയും സെക്രട്ടറിയായി വേലിയില്‍ ബിജുവിനെയും തെരഞ്ഞെടുത്തു. വീയപുരം ചുണ്ടന്‍വള്ള സമിതി രൂപീകരിക്കുന്നത് ഇവരുടെ മേല്‍നോട്ടത്തിലാണ് ചുണ്ടന്റെ നിര്‍മാണം നടക്കുന്നത്.
തുടരെ മൂന്നുപ്രാവശ്യം ചുണ്ടന്‍പ്രളയത്തില്‍ മുങ്ങിയിട്ടും വീയപുരം ചുണ്ടന്റെ അണിയറ ശില്പികള്‍ മാലിപ്പുരയില്‍നിന്നും വിട്ടുമാറാതെ ദിവസങ്ങളോളംചുണ്ടന്‍ വള്ളത്തിന് കാവല്‍ നിന്നു. നിര്‍മാണത്തിലിരിക്കുന്ന ചുണ്ടന്‍മുങ്ങിയെങ്കിലും ഒഴുക്കില്‍പ്പെട്ട് പോകാതിരിക്കാന്‍ സമീപത്തെ മരങ്ങളില്‍ വടംകൊണ്ട് കെട്ടിയും മണല്‍ചാക്കിട്ടും തൂണുകളള്‍കൊണ്ട് തലങ്ങുവിലങ്ങും പടങ്ങുകളിട്ടുമാണ് അതിശക്തമായ ഒഴുക്കിനെ പ്രതിരോധിച്ചത്.
അക്കരമുറഞ്ഞപുരക്കല്‍ പാലത്തിന്റെ വടക്കേകരയിലുള്ള സെക്രട്ടറി കൂടിയായ ബിജുവേലിയിലെ പുരയിടത്തിലെ മാലിപുരയിലാണ് ചുണ്ടന്റെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. സാബുനാരായണനാചാരിയുടെ നേതൃത്വത്തില്‍ 15 ആശാരിമാരാണ് ചുണ്ടന്‍വള്ളത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 50ലക്ഷം രൂപയോളം ചെലവുവരുന്ന വീയപുരം ചുണ്ടന്‍ അടുത്തമാസത്തോടെ നീരണിയുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 2017നവംബര്‍ 19ന് ആയിരുന്നു ഉളികുത്ത് കര്‍മ്മം.
2018 ഫെബ്രുവരിയില്‍ വിവിധ രാഷ്ട്രീയ സംസ്‌കാരിക മത ജലോത്സവ പ്രേമികളുടെ സാന്നിധ്യത്തില്‍ ബോബിചെമ്മന്നൂര്‍ ചുണ്ടന്റെ മലത്തല്‍ കര്‍മ്മം നിര്‍വഹിച്ചിരുന്നു. വീയപുരം കിഴക്ക്, പടിഞ്ഞാറ് കരക്കാരും, ചെറുതന പഞ്ചായത്തിലെ വെങ്കിട്ടച്ചിറ, പുത്തന്‍തുരത്ത് നിവാസികള്‍ക്കും സ്വന്തമായ വീയപുരം ചുണ്ടന്‍ അടുത്ത വര്‍ഷം നടക്കുന്ന എല്ലാ ജലോത്സവങ്ങളിലും മത്സരിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."