സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി മാഫിയ സജീവം ചതിക്കുഴികളില്‍ വീഴാതെ നോക്കണം
കാഞ്ഞങ്ങാട്: ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും വ്യാപകമാകുന്നു. അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ലക്ഷ്യം വച്ച് ജില്ലയിലെത്തിയിരുന്ന ലഹരി വസ്തുക്കള്‍ക്ക് വിദ്യാര്‍ഥികളും അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. വന്‍തോതിലുള്ള പാന്‍ ഉല്‍പ്പന്നങ്ങളാണ് അതിര്‍ത്തികടന്ന് ജില്ലയിലേക്ക് ഒഴുകുന്നത്. അതിനിടയില്‍ കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളും ജില്ലയിലെ സ്‌കൂളുകളെ കേന്ദ്രീകരിച്ച് വില്‍പ്പന നടക്കുന്നതായാണ് വിവരം.
പാന്‍ പരാഗ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നിരോധിച്ച് കൊണ്ടുള്ള അധികൃതരുടെ ഉത്തരവുകള്‍ ചുവപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണ്. ഉത്തരവുകള്‍ ഫയലില്‍ പൂഴ്ത്തി വച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറക്കം നടിച്ചതോടെ സ്‌കൂള്‍ പരിസരങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പാന്‍ ഉല്‍പ്പന്നങ്ങളും, മറ്റു ലഹരി വസ്തുക്കളും ഇഷ്ടം പോലെ വിറ്റഴിക്കുന്നു. നിരോധനത്തിന് മുമ്പ് ഒന്നും രണ്ടും രൂപക്ക് വിറ്റഴിച്ചിരുന്ന ഇത്തരം പാക്കറ്റുകള്‍ക്ക് ഇപ്പോള്‍ അഞ്ചു മുതല്‍ പത്ത് രൂപ വരെ ഈടാക്കിയാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. മുന്‍കാലങ്ങളില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ കടകളില്‍ പരസ്യമായി തൂക്കിയിട്ട് വില്‍പ്പന നടത്തി വന്നിരുന്നതില്‍ നിരോധനം വന്നതോടെ ഇതില്‍ ചെറിയ മാറ്റം വന്നത് മാത്രമാണ് നിരോധനം കൊണ്ടുണ്ടായ ഫലമെന്ന് സ്‌കൂള്‍ പരിസരം ഉള്‍പ്പെടെയുള്ള കടകള്‍ ശ്രദ്ധിച്ചാല്‍ അധികൃതര്‍ക്ക് മനസ്സിലാകും. കര്‍ണ്ണാടകയില്‍ നിന്നും മറ്റുമായി ഇത്തരം വസ്തുക്കള്‍ കടത്തി കൊണ്ട് വരുന്ന വന്‍ സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്നു. എന്നാല്‍ അധികൃതരുടെ എപ്പോഴെങ്കിലുമുള്ള പരിശോധനയില്‍ ഇത്തരം കടത്തുകാര്‍ അകപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരിശോധന സംഘങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്താത്തത് കാരണം പാന്‍ ഉല്‍പന്നങ്ങള്‍ ഇഷ്ടം പോലെ കടത്തി കൊണ്ടുവരുകയും, യഥേഷ്ടം വിറ്റഴിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
സ്‌കൂള്‍ പരിസരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചാക്കുകളിലും മറ്റും പൊതിഞ്ഞു രഹസ്യമായി സൂക്ഷിക്കുന്ന ലഹരി വസ്തുക്കള്‍ ആളും തരവും നോക്കി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു വില്‍പ്പന നടത്തുന്ന രീതിയാണ് കച്ചവടക്കാര്‍ സ്വീകരിക്കുന്നത്. നിരോധന ഉത്തരവ് ഉണ്ടെന്നു പൊതു ജനത്തെ അറിയിച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞെന്ന തരത്തിലാണ് അധികൃതരുടെ നിലപാട്. പാന്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ യഥേഷ്ട്ടം ലഭിക്കുന്നതിനാല്‍ ഇതിനു വില എത്രയായാലും വാങ്ങിക്കുന്നവര്‍ക്കു പ്രശ്‌നമല്ല. നിരോധനത്തിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കടത്തി കൊണ്ട് വരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉപഭോക്താക്കളെ വില്‍പ്പനക്കാര്‍ ബോധ്യപ്പെടുത്തുന്നതോടെ വിലയുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറില്ല. ജില്ലയില്‍ താമസിച്ച് നിര്‍മാണ മേഖലകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളും പാന്‍ ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്കു ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ഉപയോഗം പാന്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ്.
നാട്ടില്‍ പോയി തിരികെ ജോലിക്കു വേണ്ടിയെത്തുന്ന ഇത്തരം തൊഴിലാളികളും ലഹരി വസ്തുക്കള്‍ കടത്തി കൊണ്ട് വരുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. പാന്‍ ഉല്‍പന്നങ്ങള്‍ക്കെതിരേ അധികൃതര്‍ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രത്യേകിച്ചും സ്‌കൂള്‍ പരിസരങ്ങള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ നിത്യേന അധികൃതരുടെ പരിശോധന ഉണ്ടാകണമെന്ന അഭിപ്രായവും ഇവര്‍ പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."