ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ദളിത് യുവാവിന്റെ കാഴ്ചശക്തിയല്ലാത്ത പിതാവ് പൊലിസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തു
രാജസ്ഥാന്: രാജസ്ഥാനിലെ അല്‍വാറില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ ദളിത് യുവാവിന്റെ കാഴ്ചശേഷിയില്ലാത്ത പിതാവ് ആത്മഹത്യ ചെയ്തു. രത്തിറാം ജാധവ് ആണ് വ്യാഴാഴ്ച വൈകീട്ടോടെ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മകന് ഹരീഷ് ജാധവിന്റെ കൊലപാതക കേസ് അട്ടിമറിക്കാനുള്ള പൊലിസിന്റെ ശ്രമത്തില്‍ നിരാശനായാണ് രത്തിറാം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് ഹരീഷിനെ അല്‍വാറില്‍ വച്ച് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഹരീഷ് സഞ്ചരിച്ച ബൈക്ക് ജൂലൈ 16ന് ഒരു സ്ത്രീയുടെ ദേഹത്ത് ഇടിച്ചിരുന്നു. ഇതിനാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സാരമായി പരുക്കേറ്റ ഹരീഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ബിവാണ്ടിയില്‍ നിന്നും ചോക്പാനിയിലേക്ക് പോകുന്ന റോഡില്‍ വച്ചാണ് സംഭവം നടന്നത്. എന്നാല്‍ സംഭവം ആള്‍ക്കൂട്ട ആക്രമണം ആയിരുന്നില്ലെന്ന തരത്തിലാണ് പൊലിസ് പ്രതികരിച്ചത്. അതിന് ഒരു തെളിവുമില്ലെന്നാണ് അല്‍വാര്‍ പൊലിസ് എസ്.പി പരീശ് ദേശ്മുഖ് വ്യക്തമാക്കിയത്.
അതേസമയം പെഹ്ലു ഖാന് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതി വിധി പുറത്തുവന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ഷകനായ ഹരീഷിന്റെ പിതാവ് ആത്മഹത്യ ചെയ്തതെന്നു ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."