തലശ്ശേരിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു
തലശ്ശേരി: തലശ്ശേരിയില്‍ ഞായറാഴ്ച ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം വ്യാപിക്കുന്നു. ഇരുവിഭാഗത്തിലുംപ്പെട്ട രണ്ടുപേരുടെ വീടുകള്‍ക്കു നേരേ ബോംബേറുണ്ടായി. നഗരസഭാ കൗണ്‍സിലറും ഉള്‍പ്പെടെയുള്ളവരുടെ വീടിനുനേരെയാണ് ഞായറാഴ്ച അര്‍ധരാത്രി ബോംബേറുണ്ടായത്. ബോംബേറില്‍ അബോധാവസ്ഥയിലായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരുക്കേറ്റു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് എ.എസ്.പി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തില്‍ എരഞ്ഞോളി, കൊളശ്ശേരി, കാവുഭാഗം, ഇടത്തിലമ്പലം എന്നീ പ്രദേശങ്ങളില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഞാാറാഴ്ച അര്‍ധരാത്രിയോടെ സി.പി.എം പ്രവര്ത്തകന് കാവുംഭാഗം അയോധ്യ ഷെല്‍ട്ടറിനു സമീപം കൊട്ടപ്പൊയില്‍ ചെറിയാണ്ടിയില്‍ റിജിലേഷിന്റെ വീടിനു നേരയാണ് ആദ്യം ബോംബേറുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു. സ്ഫോടന ശബ്ദത്തെ തുടര്‍ന്നു റിജിലേഷ് (34), ഇളയമ്മ വസന്ത (65) എന്നിവര്‍ക്കു ബോധക്ഷയം ഉണ്ടായി. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
ഇതിന്റെ തിരിച്ചടിയെന്നോണം അര്‍ധരാത്രി 12.45ഓടെ ബി.ജെ.പി പ്രവര്‍ത്തകനും നഗരസഭാംഗവുമായ നിട്ടൂര്‍ ഓലേശ്വരത്തെ പ്രബീഷിന്റെ വീടിനു നേരെയും ബോംബെറിഞ്ഞു. ബോംബേറില്‍ ജനല്‍ചില്ലുകളും വാതിലുകളും മറ്റും തകര്‍ന്നു. ചുവരിന് വിള്ളലുണ്ടായി. ബോംബേറില്‍ ജനല്‍ചില്ലുകളും മറ്റും മുറിക്കകത്ത് തെറിച്ചുവീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഞായറാഴ്ച രാത്രി എരഞ്ഞോളി ഫിഷറീസ് ഓഫിസിന് സമീപം ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ രണ്ടു സി.പി.എമ്മുകാര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിനു തുടര്‍ച്ചെയെന്നോണം കതിരൂര്‍ പുല്യോട്ടെ ആര്.എസ്.എസ് പ്രവര്ത്തകന് പ്രശോഭിന് (28) മര്‍ദനമേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സമീപ പൊലിസ് സ്റ്റേഷനുകളില്‍നിന്നും എ.ആര് ക്യാംപില്‍ നിന്നും കൂടുതല്‍ പൊലിസിനെ വിന്യസിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."