സ്‌കൂളുകളിലെ പാചകപ്പുരകള്‍ ശുചിത്വമില്ലെന്ന് ആക്ഷേപം
കുന്നുംകൈ: മലയോരത്തെ സ്‌കൂളുകളിലുള്ള പാചകപ്പുരകള്‍ മലിനവും ശുചിത്വവുമില്ലാത്തതാണെന്ന ആക്ഷേപം ഉയരുന്നു. പാചകപ്പുരകളില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ പലതും പാലിക്കപ്പെടുന്നില്ല.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ നടത്തിപ്പിന്റെ ചുമതല ഉച്ചഭക്ഷണ കമ്മിറ്റിക്കാണ്. എന്നാല്‍, മഹാഭൂരിഭാഗം വിദ്യാലയങ്ങളിലും ഇത് പേരിനു മാത്രമായി പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാല്‍ ഭക്ഷണ വിതരണത്തിനു മുന്‍പ് അധ്യാപകരും ഒന്നിലധികം രക്ഷിതാക്കളോ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളോ വിഭവങ്ങള്‍ രുചിച്ചു നോക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ അവരുടെ അഭിപ്രായങ്ങള്‍കൂടി സ്‌കൂളിലെ 'രുചി രജിസ്റ്ററില്‍' രേഖപ്പെടുത്തി വയ്ക്കണം. ഓരോ ദിവസവും മാറി മാറി അംഗങ്ങളെത്തി രുചിച്ച് നോക്കി മാത്രമേ ഉച്ചഭക്ഷണ വിതരണം നടത്താവൂ എന്നാണ് നിര്‍ദേശം. പക്ഷെ ഭൂരിപക്ഷം സ്‌കൂളുകളിലും ഇത് പാലിക്കപ്പെടുന്നില്ല. പാചകം ചെയ്യുന്നതിന് വിറക് ഒഴിവാക്കി എല്‍.പി.ജി കണക്ഷന്‍ എടുക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പല സ്‌കൂള്‍ അധികൃതരും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
സ്‌കൂളുകളിലെ അടുക്കളപ്പുരയും മറ്റും മലിനവാവുന്നതായും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചക്കഞ്ഞി വിതരണം ശുചിത്വമില്ലാത്തിടത്തുമാണെന്ന പരാതി നേരെത്തെയുണ്ട്. ഇത് സംബന്ധിച്ചും ആരോഗ്യ വകുപ്പ് എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപ്പിലാതെ പോകുകയാണ്. അതേസമയം മലയോരത്തെ പല സര്‍ക്കാര്‍ സ്‌കൂളുകളിലും കുട്ടികളുടെ മൂത്രപ്പുരകള്‍ വേണ്ടത്ത്ര ശുചിത്വമില്ല എന്നുള്ള പരാതിയും നിലനില്‍ക്കുന്നുണ്ട്. സുരക്ഷിതമായ വാതിലുകളോ ജല സൗകര്യമോ ഇല്ലാത്തതിനാല്‍ പല കുട്ടികളും ദുരിതമനുഭവിക്കുന്നു. കൊതുകുകളുടെ താവളമാവുന്ന ഇത്തരം കേന്ദ്രങ്ങളില്‍ വര്‍ധിച്ചുവരുന്ന ഡെങ്കിപ്പനിപോലെയുള്ള മാരക രോഗങ്ങള്‍ കടന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം. സര്‍ക്കാര്‍ സ്‌കൂളുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ നീക്കിവയ്ക്കാറുണ്ടെങ്കിലും പലതും ലക്ഷ്യംകാണാതെ പോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."