ഇലക്കറിമേളയില് രുചിയുടെ മേളം
ചെറുവത്തൂര്‍: നാരങ്ങയിലയില് നാവില്‍ വെള്ളമൂറും അച്ചാര്‍, ചീരയില കൊണ്ട് പച്ചടി. ഭക്ഷ്യയോഗ്യമായ ഇലകള്‍ രുചി വൈവിധ്യങ്ങളായി എത്തിയപ്പോള്‍ എല്ലാവരിലും കൗതുകം. മാണിയാട്ട് വിജ്ഞാന ദായിനി വായനശാലയിലാണ് വനിതാ വേദിയുടെ നേതൃത്വത്തില്‍ 'ഓര്‍മയിലെ ഇലയറിവ് ' ഒരുക്കിയത്.
നമുക്ക് ചുറ്റുമുള്ള ഭക്ഷ്യയോഗ്യമായ ഇലകളെ പുതുതലമുറ തിരിച്ചറിയാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശവുമായി ഇലക്കറി മേള സംഘടിപ്പിച്ചത്. വിഷമയമായ പച്ചക്കറികള്‍ വാങ്ങിക്കഴിച്ച് രോഗം ഏറ്റുവാങ്ങുന്ന കാലത്ത് ഔഷധമുള്ള ഇലക്കറികളെ ഭക്ഷണശീലങ്ങളിലേക്ക് തിരികെയെത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഇലക്കറിമേള ബോധ്യപ്പെടുത്തി.
പുളിയില, സാമ്പാര്‍ ചീര, അമര, ചേനയില, തഴുതാമ എന്നുവേണ്ട കാന്താരി മുളക് ഇലയില്‍ വരെ വിഭവങ്ങള്‍ ഒരുങ്ങി. 23 ഓളം ഇലക്കറികള്‍ എല്ലാവര്ക്കും രുചിക്കാനും നല്കി. ജൈവ കര്‍ഷകനുള്ള ദേശീയ പുരസ്കാര ജേതാവ് കെ.ബി.ആര് കണ്ണന് ഭക്ഷ്യയോഗ്യമായ ഇലകള്‍ പരിചയപ്പെടുത്തി. എം വി കോമന് നമ്പ്യാര്‍, എം വി സുജാത, പി ഷീജ ,യു.കെ സരള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."