സുമനസുകളുടെ കനിവുതേടി ഒരു കുടുംബം
തളിപ്പറമ്പ്: കാരുണ്യമതികളുടെ കനിവുതേടി രോഗിയായ അമ്മയും രണ്ട് പെണ്‍മക്കളും. ഇരിക്കൂര്‍ ചേടിച്ചേരി മുടക്കൈയിലെ ജയലക്ഷ്മിയും രണ്ട് പെണ്‍മക്കളുമാണ് ദുരിത ജീവിതത്തില്‍നിന്ന് കരകയറാന്‍ സഹായം തേടുന്നത്. ആശാരി ജോലി ചെയ്തുവന്നിരുന്ന ഭര്‍ത്താവ് മുരുകന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. ആരും സഹായത്തിനില്ലാതെ രണ്ട് പെണ്‍മക്കളുടെ ഭാവിയെകുറിച്ചോര്‍ത്ത് ആദ്യം പകച്ചുപോയെങ്കിലും ഭര്‍ത്താവ് പഠിപ്പിച്ച തൊഴില്‍ തന്നെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു ജയലക്ഷ്മി. നിത്യജീവിതത്തിനുള്ള വക ഈ തൊഴിലില്‍നിന്ന് ലഭിച്ചിരുന്നു.
എന്നാല്‍ ഇതിനിടയിലാണ് ശരീരവേദന ഇവരുടെ ജീവിതത്തില്‍ വില്ലനായി കടന്നുവന്നത്. ശരീരവേദന കാരണം ജയലക്ഷ്മിക്ക് ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ ഏറെ കഷ്ടപ്പാടിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ അടുത്ത വീടുകളിലെ ജോലിയെടുത്താണ് ജയലക്ഷ്മി കുടുംബം മുന്നോട്ടുനയിക്കുന്നത്. ഇത് എത്ര നാള്‍ തുടരാനാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ ജയലക്ഷ്മി. മൂത്തമകള്‍ ആദിത്യ എട്ടാം ക്ലാസിലും ഇളയമകള്‍ മോണോഗോപി അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.
മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച വീടിന്റെ ചുവരുകള്‍ ഇടിഞ്ഞു വീഴാറായ നിലയിലാണ്. വാതിലുകള്‍ ദ്രവിച്ച് അടര്‍ന്നു പോയിരിക്കുന്നു. ഓടുമേഞ്ഞതാണെങ്കിലും മഴക്കാലമായാല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. ഒരുമുറിയാണെങ്കിലും അടച്ചുറപ്പുള്ള ഒരു വീടും കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കും വീട്ടു ചെലവിനും ഒരു വരുമാന മാര്‍ഗവുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സുമനസുകളുടെ സഹായമില്ലാതെ ഇവര്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും അതിന് ആരെങ്കിലും മനസറിഞ്ഞ് സഹായിക്കണമെന്നുമാണ് ജയലക്ഷമി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."