ക്വാറികള്‍ ആരംഭിക്കാന്‍ അവസരമൊരുക്കുന്ന മന്ത്രിസഭാ തീരുമാനം റദ്ദാക്കണം: വി.എം സുധീരന്
തിരുവനന്തപുരം: വ്യാപകമായ തോതില്‍ ക്വാറികള്‍ ആരംഭിക്കുന്നതിന് അവസരമൊരുക്കുന്ന മന്ത്രിസഭ തീരുമാനവും തുടര്‍ ഉത്തരവും ബന്ധപ്പെട്ട നടപടികളും റദ്ദാക്കണമെന്ന് വി.എം സുധീരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പട്ടയഭൂമിയില്‍ ഖനനം നടത്തുന്നതിന് വഴിയൊരുക്കുന്ന മന്ത്രിസഭാ തീരുമാനം ഉണ്ടായത് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ആണ്. ഉത്തരവ് മാര്‍ച്ച് എട്ടിനും. ജിയോളജിസ്റ്റും കൃഷി ഓഫിസറും വില്ലേജ് ഓഫിസറും ഉള്‍പ്പെടുന്ന കമ്മിറ്റി സ്ഥലം പരിശോധിച്ച് കൃഷിക്ക് യോഗ്യമല്ലെന്നും ഖനനയോഗ്യമാണെന്നുള്ള റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ എന്‍.ഒ.സി നല്കി ഖനനം തുടങ്ങാം എന്നായിരുന്നു തീരുമാനം. പരിസ്ഥിതി-സാമൂഹിക ആഘാതങ്ങളെ കുറിച്ച് യാതൊരു പരിശോധനയ്ക്കുമുള്ള വ്യവസ്ഥ പോലും ഇല്ലാതെയാണ് ഈ തീരുമാനം എന്നത് അത്ഭുതകരമാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയുടെയും വന്‍തോതിലുള്ള ജീവഹാനിക്ക് ഇടവരുത്തിയ ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ പാറ ഖനനം നിരോധിച്ചിട്ടുണ്ടെങ്കിലും പട്ടയഭൂമിയില്‍ വ്യാപകമായി ഖനനം നടത്താന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കുന്ന മന്ത്രിസഭാ തീരുമാനം പ്രകൃതിക്കും മനുഷ്യനും മേല്‍ വന്‍ ആഘാതമേല്‍പ്പിക്കും. തീരുമാനവും ബന്ധപ്പെട്ട നടപടികളും എത്രയും പെട്ടെന്ന് റദ്ദാക്കി ജനങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."