കൊരട്ടി കിന്‍ഫ്ര പാര്‍ക്ക് മൂന്നാം ഘട്ടം വികസന ശിലാസ്ഥാപനം
തൃശൂര്‍: സംരംഭകര്‍ക്ക് ആവശ്യമായ പാശ്ചാത്തലം ഒരുക്കുകയാണ് കിന്‍ഫ്രയുടെ ലക്ഷ്യമെന്നും അതിനുള്ള ശ്രമമാണ് മൂന്നാംഘട്ട വികസനത്തിലൂടെ സാധ്യമാകുകയെന്നും വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. 70,402 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 20ഓളം പുതിയ യൂനിറ്റുകള്‍ ആരംഭിക്കുവാന്‍ കഴിയും. 28 കോടി രൂപയാണ് പദ്ധതിചെലവ് പ്രതീക്ഷിക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും വിധമാണ് പണി ആസൂത്രണം ചെയ്തിട്ടുള്ളത്.
മെഗാ ഫുഡ്പാര്‍ക്ക് ജൂണ്‍ 11ന് പാലക്കാട് ഉദ്ഘാടനം ചെയ്യും. പെട്രോ കെമിക്കല്‍ പാര്‍ക്ക്, ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ കൊച്ചി, ഡിഫന്‍സ് പാര്‍ക്ക്, ഒറ്റപ്പാലം, ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് തിരുവനന്തപുരം, കിന്‍ഫ്ര വ്യവസായപാര്‍ക്ക്, മട്ടന്നൂര്‍, സ്‌പൈസസ് പാര്‍ക്ക്, ഇടുക്കി, കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക്, രാമനാട്ടുക്കര എന്നിവയാണ് കിന്‍ഫ്രയുടെ പുതിയ പദ്ധതികള്‍. 5000 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുക്കും. രണ്ടുമാസത്തിനകം സംരംഭം ആരംഭിക്കാന്‍ കഴിയുന്നവിധത്തില്‍ നിയമഭേദഗതി വരുത്തുന്നതിന് ഉള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരംനല്‍കിയെന്നും മന്ത്രി അറിയിച്ചു. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷനായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിജു, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആര്‍. സുമേഷ് സംസാരിച്ചു. മാനേജിങ് ഡയറക്ടര്‍ സ്വാഗതവും ജന.മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."