മുത്വലാഖ് അറസ്റ്റ്: നിയമം ദുരുപയോഗം ചെയ്തതായി ആക്ഷേപം, കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടാലും ജാമ്യം നല്‍കാന്‍ കഴിയില്ല
മുക്കം: മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി കാണിച്ച് യുവതി താമരശ്ശേരി കോടതിയില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ മുക്കം പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുത്വലാഖ് നിരോധന നിയമം ദുരുപയോഗം ചെയ്തതായി ആക്ഷേപം. ഈ മാസം ഒന്നാം തീയതി വൈകുന്നേരം പരാതിക്കാരി റജ്നയുടെ വീട്ടില്‍ വന്ന് ഭര്‍ത്താവായ ഉസാം യുവതിയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് മൂന്ന് മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു എന്നാണ് പരാതി. എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അന്ന് താന്‍ സ്ഥലത്തില്ലെന്നുമാണ് ഭര്‍ത്താവ് ഉസാം പറയുന്നത്.
2011 മെയ് 25നാണ് ഇരുവരും വിവാഹിതരായത്. മുത്വലാഖ് ചൊല്ലി ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയതായി കാണിച്ച് മുക്കം പൊലിസിനും കോഴിക്കോട് റൂറല്‍ എസ്.പിക്കും യുവതി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടണ്ടായില്ലെന്നും തുടര്‍ന്നാണ് താമരശ്ശേരി കോടതിയില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും തുടര്‍ന്ന് ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം ഇവര്‍ക്കെതിരേ കോടതിയില്‍ കേസ് നല്‍കിയിരുന്നുവെന്നും ഇനി ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കി ഭര്‍തൃവീട്ടുകാര്‍ ഇടപെട്ട് കേസ് പിന്‍വലിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നീട് ഖത്തറിലേക്ക് കൊണ്ടുപോയി. ഖത്തറില്‍ വെച്ച് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിക്കുവാന്‍ തന്നെ ഒഴിവാക്കുന്നതിനുവേണ്ടി പീഡനം തുടര്‍ന്നുവെന്നും യുവതി ആരോപിക്കുന്നു. ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ പ്രതി കൈക്കലാക്കി. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ശേഷം തന്നെ വീട്ടില്‍ കൊണ്ടുപോയി വിടുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനു ശേഷം ഭര്‍ത്താവ് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നും ഓഗസ്റ്റ് ഒന്നാം തീയതി തന്റെ വീട്ടില്‍ വന്ന് ബന്ധുക്കളുടെ മുന്നില്‍ വച്ച് മുത്വലാഖ് ചൊല്ലുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.
പ്രതിക്ക് ഖത്തറില്‍ ജോലിചെയ്യാനുള്ള വിസയുള്ളതിനാല്‍ ഏതുസമയത്തും വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ച് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം മുത്വലാഖ് നിരോധന നിയമം സമൂഹം ഭയപ്പെട്ടത് പോലെ ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നിയമത്തിന്റെ ശൈശവ ദശയില്‍ തന്നെ ഈ സംഭവത്തിലൂടെ ബോധ്യപ്പെട്ടതെന്നും ഇത്തരം നിരവധി കേസുകള്‍ക്ക് ഇനിയും ഇന്ത്യ സാക്ഷിയാകുമെന്നും കോഴിക്കോട് ബാറിലെ അഭിഭാഷകനും ജില്ലാ ലോയേഴ്സ് ഫോറം ജന.സെക്രട്ടറിയുമായ അഡ്വ. പി.സി നജീബ് പറയുന്നു.
കേസിന്റെ ഗുണഗണത്തേക്കാളുപരി ഇത് ദുരുപയോഗം ചെയ്യുകയാണ്. കള്ളക്കേസ് ആണെന്ന് ബോധ്യപ്പെട്ടാലും കോടതിക്ക് ജാമ്യം നല്‍കാന്‍ കഴിയില്ല. നിയമമനുസരിച്ച് പരാതിക്കാരിയെ നിര്‍ബന്ധമായും കേള്‍ക്കണം. എന്നാല്‍ പരാതിക്കാരിയെ കേള്‍ക്കാന്‍ വല്ല കാരണത്താലും സാധിക്കാതെ പോയാല്‍ ഭര്‍ത്താവ് ജയിലടക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുക. കോടതികള്‍ ഇത്തരം ദുരുപയോഗ സാധ്യതയെ കുറിച്ച് സൂക്ഷ്മത പുലര്‍ത്തുന്നത് കൊണ്ട് ആണ് പലപ്പോഴും നിരപരാധികള്‍ രക്ഷപ്പെടുന്നത്. നിയമം കൊണ്ട് വന്നത് സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നത് തടയാനാണെങ്കില്‍ അവിഹിതമായി വിവാഹമോചനം നേടാന്‍ സ്ത്രീകളാണ് ഇത് ദുരുപയോഗം ചെയ്യുന്നതെന്നും 2014ല്‍ ഇവര്‍ തമ്മിലുള്ള കേസില്‍ വിധി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."