തിരുട്ടുഗ്രാമത്തിലെ മോഷണസംഘങ്ങള്‍ ജില്ലയില്‍ എത്തിയതായി സൂചന
ഒലവക്കോട് : തമിഴ്‌നാട് തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷണസംഘങ്ങള്‍ ജില്ലയില്‍ എത്തിയതായി രഹസ്യവിവരം വര്‍ഷക്കാലം സജീവമാകുന്നതോടെ വന്‍മോഷണം ലക്ഷ്യമിട്ടാണ് ഇവരെത്തിയിട്ടുള്ളതെന്നാണ് പൊലിസ് നല്കുന്ന സൂചന.
വര്‍ഷക്കാലത്തുള്ള ട്രെയിനുകളിലെ മുഖംമൂടി ആക്രമണങ്ങളും കവര്‍ച്ചകളും ഇതില്‍ ഉള്‍പ്പെടും. മോഷ്ടാക്കളുടെ സാന്നിദ്ധ്യം മുന്‍കൂട്ടി മനസിലാക്കാന്‍ പൊലിസ് രഹസ്യാന്വേഷണ സംഘത്തിനു കഴിഞ്ഞത് ഏറെ ഗുണകരമാകും. സംഘാഗങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേക്ക് പോയതായാണ് രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരം. അപകടകാരികളും ആക്രമിച്ചു വീഴ്ത്തി മോഷണം നടത്തുന്നവരുമായ തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കള്‍ വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതേസമയം കഴിഞ്ഞദിവസം പാലപ്പുറത്ത് വീടുകുത്തി തുറന്ന് മൂന്നേക്കാല്‍ ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവത്തില്‍ തിരുട്ടു ഗ്രാമത്തിലെ മോഷ്ടാക്കളാണോയെന്ന് പൊലിസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് പാലപ്പുറം ചിനക്കത്തൂര്‍ കാവിനു സമീപം കോട്ടയില്‍ ദിലീപിന്റെ വീടു കുത്തിതുറന്ന് മോഷണം നടത്തിയത്. മോഷണം നടന്ന ദിവസം ദിലീപും കുടുംബവും സഹോദരിയുടെ വീട്ടിലേക്കു പോയിരുന്നു. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. രണ്ടു താഴുകളുള്ള വീടിന്റെ വാതില്‍ തകര്‍ത്തത് തമിഴ്‌നാട് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കളുടെ മാതൃകയിലാണെന്നാണ് പൊലിസ് സംശയിക്കുന്നത്.
അതേസമയം മോഷണം നടന്ന വീട്ടില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ ലഭിച്ചു. ഇതിലൊന്ന് കാവശേരി സ്വദേശിയുടെതാണെന്നു പൊലിസ് കണ്ടെത്തി. എന്നാല്‍ മൊബൈല്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നിലവിലുണ്ട്. രണ്ടാമത്തെ മൊബൈല്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. അമ്പലപ്പാറ മുതലപ്പാറ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണത്തിന് ശ്രമം നടന്നിരുന്നു.
തിരുട്ടു ഗ്രാമ മോഷ്ടാക്കളെ പിടികൂടാനും മോഷണം തടയുന്നതിനും പൊലിസ് ഇത്തവണയും കാര്യമായി യത്‌നിക്കേണ്ടിവരും. എന്നാല്‍ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള കവര്‍ച്ചക്കാര്‍ എത്തുന്നത് പതിവില്ലെന്നാണ് പൊലിസ് പറയുന്നത്. വീടുകളുടെ വാതില്‍ തകര്‍ത്ത് അകത്തു കയുറുന്നതാണ് ഇവരുടെ രീതി. വര്‍ഷക്കാലത്ത് ട്രെയിനുകളില്‍ പിടിച്ചുപറിയും വ്യാപകമാകും.
മലബാര്‍ മേഖലയിലാണ് ഇത് കൂടുതലായി ഉണ്ടാകാറുള്ളത്. ഇതുമൂലം കമ്പാര്‍ട്ടുമെന്റുകളില്‍ പൊലിസ് സുരക്ഷയും ഒരുക്കാറുണ്ട്. മുമ്പ് മുഖം മൂടി ധരിച്ചും ട്രെയിനുകളില്‍ ആക്രമണവും കവര്‍ച്ചയും നടന്നിരുന്നു. തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള കവര്‍ച്ചക്കാരുടെ വരവിനെ പൊലിസും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മഴക്കാലം ശക്തമാകുന്നതിനുമുമ്പേ മതിയായ ജാഗ്രതാ നിര്‍ദേശം വിവിധ സ്റ്റേഷനുകളിലേക്ക് എത്തിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."