ചുള്ളിയാര്‍ അണക്കെട്ടിന് അതിരു കാക്കാന്‍ വൃക്ഷ വേലിയുമായി സര്‍ക്കാര്‍ വകുപ്പുകള്‍
കൊല്ലങ്കോട്: പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ ചുള്ളിയാറിനു വൃക്ഷ വേലി ഒരുങ്ങുന്നു.
കൈയ്യേറ്റമൊഴിപ്പിച്ച് ജലസേചന വകുപ്പ് പിടിച്ചെടുത്ത സ്ഥലത്തുള്‍പ്പെടെ 2500 വൃക്ഷതൈ നടുന്ന പരിപാടി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തി. വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം, ജല സേചന വകുപ്പ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ കൊല്ലങ്കോട് ആസ്ഥാനമായ ഗാന്ധിജി യുവ സംഘടനയാണ് വൃക്ഷ വേലിക്കായ് തൈ നട്ടത്. ആദ്യ ഘട്ടത്തില്‍ ഇന്നലെ ഉങ്ങ്, മഹാഗണി, പൂവരശ്ശ്, മണി മരുത്, മാതളം, പേരക്ക, മുള, സീതപ്പഴം, കണിക്കൊന്ന എന്നിവയുടെ 1500 തൈകള്‍ ഗാന്ധിജി അക്കാദമിയുടെ 300 സന്നദ്ധ പ്രവര്‍ത്തകര്‍ നട്ടു. സംസ്ഥാനത്ത് ഒരു അണക്കെട്ടിന് വൃക്ഷ വേലി തീര്‍ക്കുന്നത് ആദ്യമായാണെന്ന് ജലസേചന വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡി.രാജന്‍ പറഞ്ഞു.
ഇത് മണ്ണൊലിപ്പ് തടഞ്ഞ് അണക്കെട്ടില്‍ മണ്ണ് അടിഞ്ഞു കൂടുന്നതിന് തടയിടുന്നതിനൊപ്പം അതിര്‍ത്തി കൃത്യമായി അറിയുന്നതിനും സഹായകമാകുമെന്ന് ഗാന്ധിജി അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.എം.ശശി, ജലവകുപ്പ് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കിരണ്‍ തോമസ്, അസി.എന്‍ജിനിയര്‍ അരുണ്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."