റാഫേല്‍ അഴിമതി മോദിയേയും കൊണ്ടേ പോകൂ: പി.സി വിഷ്ണുനാഥ്
മലപ്പുറം: റാഫേല്‍ അഴിമതി മോദിയേയും കൊണ്ടേ പോകൂവെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറഞ്ഞു. ദൂരദര്ശന് കേന്ദ്രത്തിനു മുന്പില് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാന പരിപാലനം അടക്കം 1,40,000 കോടിയുടെ അഴിമതിയാണ് റാഫേലിലൂടെ നടന്നത്. റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് ഇല്ലെന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത്. 4,500 യുദ്ധവിമാനങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്കടക്കം ഉണ്ടാക്കിയ കമ്പനിയാണ് എച്ച്.എ.എല്‍.
അഴിമതിയുടെ കാര്യത്തില്‍ മോദിയുടെ നയമാണ് പിണറായി വിജയനുമുള്ളത്. പ്രളയത്തിനിടയിലാണ് ബ്രൂവറിക്കും ഡിസ്റ്റലറിക്കും അനുമതി കൊടുത്തത്. ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം.
കേസില്‍ ആര്.എസ്.എസ് നിലപാട് സ്ത്രീപ്രവേശനത്തിന് അനുകൂലമായിരുന്നു. ഇപ്പോള്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ് ആര്.എസ്.എസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. എ.പി അനില്‍കുമാര്‍ എം.എല്‍.എ., വി.എ. കരീം, യു.ഡി.എഫ്. ചെയര്മാന് പി.ടി അജയ് മോഹന്‍, ഇ. മുഹമ്മദ്കുഞ്ഞി, കെ.പി അബ്ദുള്‍ മജീദ്, ആര്യാടന് ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."