അവശനായ മയിലിനെ വനപാലകര്‍ക്ക് കൈമാറി
പരപ്പനങ്ങാടി: ഇണയെ തേടി പറന്നെത്തിയ അവശനായ മയിലിനെ നിലമ്പൂര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
മാസങ്ങളായി തീരദേശ മേഖലയില്‍ അലയുകയായിരുന്ന ആണ്‍മയിലാണ് ഇന്നലെ പുലര്‍ച്ചെ ആലുങ്ങല്‍ കടപ്പുറത്തെ ടി.ഫൈസലിന്റെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടുകാര്‍ അടുത്തെത്തിയിട്ടും യാതൊരു പരിഭ്രമവും കാട്ടാതെ ഇരുന്ന ഇരുപ്പില്‍ തന്നെയായിരുന്നുഅവശനായ മയില്‍. ഫൈസലും ഭാര്യ സറൂബിയയും സഹോദരി കുഞ്ഞിമോളും മയിലിനെ പരിസരത്തെ ഒഴിഞ്ഞു കിടക്കുന്ന പ്രാവിന്‍ കൂട്ടിലാക്കി ഭക്ഷണം നല്‍കിയ ശേഷം കൗണ്‍സിലറെയും പൊലിസിനെയും ഫോറസ്റ്റ് ഓഫിസറെയും വിവരമറിയിച്ചു.
എസ്.എഫ്.ഒ.വി.രജീഷ്, ബി.എഫ്.ഒ മാരായ ഷൈജു, മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയോടെ നിലമ്പൂരിലെ റാപിഡ് റെസ്‌പോണ്‍സ് ടീം എത്തിയാണ് ഫൈസലില്‍നിന്ന് മയിലിനെ ഏറ്റുവാങ്ങിയത്. ഇതിനെ വഴിക്കടവ് ഫോറസ്റ്റ് റെയ്ഞ്ചിന്റെ കാട്ടിലെ സുരക്ഷിത മേഖലയില്‍ തുറന്നുവിട്ടു. കഴിഞ്ഞ ആറുമാസത്തോളമായി ഇവിടെ രണ്ടു മയിലുകളെ കണ്ടുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."