ശബരിമല നട തുറന്നു; മേല്‍ശാന്തി നറുക്കെടുപ്പ് ഇന്ന്
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി നട തുറന്നു.
തുടര്‍ന്ന് ശ്രീ കോവിലിനുള്ളില്‍ ദീപം തെളിയിച്ചു. ഇന്ന് സന്നിധാനത്ത് ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വര്‍മയും കാഞ്ചന കെ.വര്‍മയുമാണ് നറുക്കെടുക്കുന്നത്. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പേരാണ് മേല്‍ശാന്തിമാരുടെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
നേരത്തെ തുലാമാസ പൂജാ സമയത്തായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടത്തിയിരുന്നത് .ശബരിമലയിലെ ആചാരങ്ങളില്‍ കൂടുതല്‍ പരിശീലനത്തിനായി തന്ത്രിയുടെ അനുവാദത്തോടെയാണ് മേല്‍ശാന്തി നറുക്കെടുപ്പ് ദേവസ്വം ബോര്‍ഡ് നേരത്തെയാക്കിയത്. ഇതുപ്രകാരം പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ ചിങ്ങമാസപ്പൂജാ സമയത്തും ഓണപ്പൂജാ സമയത്തുമായി പത്ത് ദിവസം തന്ത്രിയുടേയും മേല്‍ശാന്തിയുടേയും കീഴില്‍ സന്നിധാനത്ത് പരിശീലനം നടത്തും.
കൂടാതെ കന്നിമാസം ഒന്നു മുതല്‍ ഒരു മാസക്കാലം ശബരിമലയിലും മാളികപ്പുറത്തും ഇരുവരും ഭജനമിരിക്കണം. മണ്ഡല മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസത്തിലായിരിക്കും നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."