തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഹീമോഫീലിയ ചികിത്സാ കേന്ദ്രം തുടങ്ങും: സി. മമ്മൂട്ടി എം.എല്‍.എ
തിരൂര്‍: ഹീമോഫീലിയ ബാധിതരുടെ ചികിത്സക്കായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് സി.മമ്മൂട്ടി എം.എല്‍.എ. ജില്ലാ ആശുപത്രിയില്‍ ' ഒപ്പം 2017'എന്ന പേരില്‍ ഹീമോഫീലിയ ബാധിതര്‍ക്കായുള്ള പ്രത്യേക മെഡിക്കല്‍ ക്യാംപിനോടനുബന്ധിച്ച് നടത്തിയ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ ഹീമോഫീലിയ ബാധിതരുള്ള മലപ്പുറത്ത് നിന്ന് ചികിത്സയ്ക്കായി രോഗികള്‍ എറണാകുളത്തേക്ക് പോകേണ്ടി വരുന്ന അവസ്ഥ ദുഖകരമാണെന്ന് എം.എല്‍.എ പറഞ്ഞു. അതിനാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഹീമോഫീലിയ ബാധിതര്‍ക്കായി പ്രത്യേക കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് അടുത്ത നിയമസഭാ സമ്മേളനത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക അനുമതി പ്രകാരം ഹീമോഫീലിയ ബാധിതര്‍ക്കായി 1.5 ലക്ഷം രൂപയുടെ മരുന്നിന് പണം വകയിരുത്തിയതായും തുടര്‍ന്നും 15 ലക്ഷം കൂടി നീക്കിവയ്ക്കാന്‍ നടപടിയെടുക്കുമെന്നും പരിപാടിയില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അനിത കിഷോര്‍ അധ്യക്ഷയായി. നഗരസഭാ ചെയര്മാന് അഡ്വ: എസ് ഗിരീഷ്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത്, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, എച്ച്.എം.സി അംഗങ്ങളായ ഹമീദ്, ബേബി, ബാലന്, പി.എം.സി അംഗം സി.വി വിമല്‍കുമാര്‍, ഡോ. ജാവേദ് സംസാരിച്ചു. അമൃത ആശുപത്രിയിലെ ഡോ. നീരജ്, എറണാകുളം ലിസി ആശുപത്രിയിലെ ഡോ.ഷിജി ഫ്രാന്‍സിസ് ക്ലാസെടുത്തു. ആശുപത്രി സൂപ്രണ്ട് വി. വിനോദ് സ്വാഗതവും ഡോ. ഐ.പി ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."