പോത്തുണ്ടി; ഷട്ടറുകള്‍ താഴ്ത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു
നെന്മാറ: പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാമിനോട് ചേര്‍ന്നുള്ള വൃഷ്ടിപ്രദേശത്തെ കനത്ത മഴയാണ് ഡാമിലെ ജലനിരപ്പുയരാന്‍ കാരണമായത്. ഡാമില്‍ ഇന്നലത്തെ ജലനിരപ്പ് അമ്പതേമുക്കാല്‍ അടിയാണ്. നെല്ലിയാമ്പതി മലനിരകളില്‍ നിന്നുള്ള നീരൊഴുക്കിന്റെ ശക്തിയും ജലനിരപ്പുയരുന്നതിന് കാരണമാകുന്നു. അമ്പത്തഞ്ചടി ജലനിരപ്പാണ് ഡാമിന്റെ വെള്ളത്തിന്റെ ആകെ സംഭരണശേഷി. ഒരു ഷട്ടറിലൂടെ മാത്രമായി മുക്കാല്‍ സെന്റീമീറ്റര്‍ ഉയരത്തിലായിരുന്നു പുഴയിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നത്. ജലനിരപ്പുയരുന്ന പോത്തുണ്ടി ജലസംഭരണിയില്‍ വെള്ളമുണ്ടായിട്ടും കനാലുകളുടെ അറ്റകുറ്റപ്പണി നടത്താത്തിനാല്‍ ആശങ്കയിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി കനാലുകളുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങി. പോത്തുണ്ടി പദ്ധതിയുടെ ഇടത്-വലതുകനാലുകളുടെ അറ്റകുറ്റപ്പണിയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കനാലുകളുടെ നവീകരണം നടത്തുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടിയ ഭാഗത്തെ കനാലുകളിലെ കല്ലും മണ്ണും യന്ത്രസഹായത്തോടെ നീക്കേണ്ടി വരുമെന്നും കര്‍ഷകര്‍ പറഞ്ഞു.
ഇതോടെ പോത്തുണ്ടി പദ്ധതിക്കു കീഴില്‍ വരുന്ന നെന്മാറ, അയിലൂര്‍, മേലാര്‍കോട്, വണ്ടാഴി, എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിലെ കനാലുകള്‍ നവീകരിച്ചു.
ആറു പഞ്ചായത്തുകളിലായി 4785 ഹെക്ടര്‍ കൃഷിയിടത്തിലേക്കാണ് കനാല്‍ വെള്ളം ഉപയോഗിക്കുന്നത്. പാളിയമംഗലം, കുറുമ്പൂര്‍, ചേരുംകാട് ഭാഗങ്ങളില്‍ ബണ്ട് തകര്‍ന്ന നിലയിലാണ്. പോത്തുണ്ടി കനാലിലെ ചിലയിടങ്ങളിലെ ലീക്കേജ് അടയ്ക്കുന്ന പണികളും തകൃതിയില്‍ നടക്കുന്നു.
പൂഞ്ചേരി, ഓവുപാറ കനാലുകളിലെ കിലോമീറ്റര്‍ ദൂരം മണ്ണുനീക്കം ചെയ്യണം. ഒന്നാംവിള നെല്‍കൃഷി വിള കൊയ്‌തെടുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.
സാധാരണ നവംബര്‍ രണ്ടാംവാരം കനാലിലൂടെ ജലസേചനത്തിന് വെള്ളം തുറന്നുവിടാറുണ്ട്. രണ്ടാംവിള കൃഷിപണികള്‍ക്ക് തയാറാകുകയാണ് കര്‍ഷകര്‍. കനാലുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയായാല്‍ അടുത്തമാസം പകുതിയോടെ മാത്രമേ പോത്തുണ്ടി വെള്ളം തുറന്നുവിടൂ. കര്‍ഷക പ്രതിനിധികളും ജലവിഭാഗ വകുപ്പ് അധികൃതരും ചേര്‍ന്നുള്ള പി.എ.സി മീറ്റിംഗ് കൂടിയതിനുശേഷമേ കൃഷി ആവശ്യത്തിനു വെള്ളം തുറന്നു വിടുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കൂവെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."