തൊഴില്‍ നല്‍കുന്ന വ്യവസായമായി മാറി കൊപ്ര സംസ്‌ക്കരണം
കൊടുങ്ങല്ലൂര്‍: നാളികേര കൃഷി നിലനില്‍പ്പ് ഭീഷണി നേരിടുന്ന കാലഘട്ടത്തിലും ഒരു പിടിയാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായമായി മാറുകയാണ് കൊപ്ര സംസ്‌ക്കരണം. വിവിധ പ്രദേശങ്ങളില്‍ നിന്നും സംഭരിക്കുന്ന നാളികേരം വെട്ടിയുണക്കി വിപണിയിലെത്തിക്കുന്ന പഴയ രീതിയിലുള്ള കൊപ്രക്കളങ്ങളാണ് മേഖലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
എടവിലങ്ങിലുള്ള നാടന്‍ കൊപ്രക്കളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പടെ ഒട്ടനവധി പേര്‍ പണിയെടുക്കുന്നുണ്ട്. നാളികേര ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ തമിഴ്‌നാടിനും കര്‍ണാടകത്തിനും പിന്നിലാണെന്നാണ് കണക്കുകളെങ്കിലും ഗ്രാമീണ മേഖലയുടെ നില നില്‍പ്പില്‍ ഇന്നും നാളികേരത്തിനു സ്ഥാനമുണ്ട്.
പച്ച നാളികേരം വിലക്കെടുക്കുന്നിടത്താണു കൊപ്ര സംസ്‌ക്കരണം തുടങ്ങുന്നത്. സംഭരിക്കുന്ന നാളികേരം വെട്ടിയുണക്കി കൊപ്രക്കൂട്ടിലിട്ടു സംസ്‌ക്കരിക്കും. പിന്നീട് ചിരട്ടയടര്‍ത്തി മാറ്റി വിപണിയിലെത്തിക്കും. തീയിട്ടു ചൂടാക്കിയുണക്കുന്ന പരമ്പരാഗത രീതിയാണ് ഇവിടങ്ങളില്‍ കൊപ്ര സംസ്‌ക്കരണത്തിനായി ഉപയോഗിക്കുന്നത്. നാളികേരത്തിന്റെ ലഭ്യതക്കുറവും കൊപ്രയുടെ വിപണി വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് ഈ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി.
വന്‍കിട വെളിച്ചെണ്ണക്കമ്പനികളുടെ സാങ്കേതിക വിദ്യ അവകാശപ്പെടാനില്ലെങ്കിലും നാട്ടിന്‍ പുറത്തെ കളങ്ങളില്‍ ഉണങ്ങുന്ന കൊപ്ര ഗുണനിലവാരത്തില്‍ മുന്നില്‍ തന്നെയാണ്. ഇടക്കാലത്ത് അടച്ചു പൂട്ടുകയും പണിയില്ലാതാകുകയും ചെയ്ത കൊപ്രക്കളങ്ങളില്‍ വീണ്ടും ജീവിതങ്ങള്‍ പുലരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."