കരാര്‍ ലംഘിച്ച് ആളിയാറിലേക്ക് വെള്ളം ചോര്‍ത്താന്‍ തമിഴ്‌നാടിന് പുതിയ കനാല്‍- EXCLUSIVE
പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ അന്തര്‍സംസ്ഥാന നദീജല കരാര്‍ ലംഘിച്ച് കേരളത്തിന് അവകാശപ്പെട്ട അധികജലം കടത്താന്‍ തമിഴ്‌നാട് പുതിയ കനാല്‍ നിര്‍മിക്കുന്നു. മണ്‍സൂണിലും മറ്റും ആനമല പുഴയിലേക്ക് ഒഴുക്കിവിടേണ്ട അധികജലം 20കോടി രൂപ ചെലവഴിച്ച് ആറു കിലോമീറ്റര്‍ നീളംവരുന്ന കനാല്‍ നിര്‍മിച്ചാണ് ആളിയാറിലേക്ക് കൊണ്ടുപോവുന്നത്. മുന്‍പ് ചെറിയ തോടായിരുന്നത് ഇപ്പോള്‍ വലിയ കനാലാക്കി വികസിപ്പിച്ചിരിക്കുകയാണ്.
അന്തര്‍സംസ്ഥാന നദീജല കരാര്‍ തമിഴ്‌നാട് ഏകപക്ഷീയമായി ലംഘിക്കുന്നതിന്റെ തെളിവാണ് പുതിയ കനാല്‍ നിര്‍മാണം. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് സേത്തുമടക്കടുത്തുള്ള സര്‍ക്കാര്‍പതി പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം ഒഴുക്കിവിടുന്ന അധികജലവും മഴവെള്ളവുമാണ് സര്‍ക്കാര്‍പതി പവര്‍ഹൗസിന് താഴെയുള്ള വിയറില്‍ പ്രത്യേക ഷട്ടറുകള്‍ സ്ഥാപിച്ച് പുതിയതായി നിര്‍മിക്കുന്ന കനാലിലൂടെ ആളിയാറിലേക്ക് കൊണ്ടുപോകുന്നത്. മഴക്കാലത്ത് അധികം ലഭിക്കുന്ന വെള്ളം ഈ വിയറില്‍നിന്ന് ആനമല പുഴയിലൂടെ മണക്കടവിലും പിന്നീടു മൂലത്തറ റെഗുലേറ്ററില്‍ എത്തിച്ച് ചിറ്റൂര്‍ പുഴയിലേക്ക് തുറന്നുവിടുകയുമാണു ചെയ്യുന്നത്.
പുതിയ കനാല്‍ നിര്‍മിക്കുന്നതിലൂടെ മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം ആളിയാറിലേക്ക് തിരിച്ചുവിടാന്‍ തമിഴ്‌നാടിന് കഴിയും. കേരളത്തിന് ലഭിക്കേണ്ട അധികജലം നഷ്ടപ്പെടുകയാണുണ്ടാവുക. സര്‍ക്കാര്‍പതിക്ക് താഴെയുള്ള വിയറില്‍നിന്ന് പറമ്പിക്കുളം വരെ ആറ് കിലോമീറ്റര്‍ ദൂരം പുതിയ കനാല്‍ നിര്‍മിക്കാന്‍ 20 കോടിരൂപയുടെ പദ്ധതിയാണ് തമിഴ്‌നാട് ജലസേചനവകുപ്പ് തയാറാക്കിയിട്ടുള്ളത്. 2016 മാര്‍ച്ച് രണ്ടിനാണ് നിര്‍മാണം തുടങ്ങിയത്. 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് കരാറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോയമ്പത്തൂരിലെ കെ.സി.പി എന്‍ജിനിയറിങ് കമ്പനിക്കാണ് നിര്‍മാണച്ചുമതല.
തമിഴ്‌നാടും കേരളവും തമ്മില്‍ 1958 മുതലുള്ള മുന്‍കാലപ്രാബല്യത്തോടെ 1970 മെയ് 29നാണ് പറമ്പിക്കുളം- ആളിയാര്‍ അന്തര്‍സംസ്ഥാന നദീജല കരാര്‍ ഒപ്പുവച്ചത്. ചിറ്റൂര്‍പുഴ പദ്ധതി നദീതടത്തില്‍ ഇരുപ്പൂവല്‍ കൃഷിക്കായി 7.250 ടി.എം.സി വെള്ളം മണക്കടവ് വിയറില്‍നിന്ന് ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. പാലാര്‍, ആളിയാര്‍ നദികളില്‍ മഴക്കാലത്ത് ലഭിക്കുന്ന അധികവെള്ളവും വിട്ടുനല്‍കണം. പുതിയ കനാലിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കേരളത്തിന് കിട്ടേണ്ട അധികവെള്ളം കിട്ടാതാവും. കരാര്‍ നിലവില്‍ വന്ന ശേഷം തമിഴ്‌നാട് കരാര്‍ലംഘന പരമ്പരയാണ് നടത്തിയിട്ടുള്ളത്.
ആളിയാര്‍ ഡാമിന് മുകളിലായി കാടംപാറ ഡാമും പവര്‍ഹൗസും, ഇതിനു മുകളിലായി വണ്ടാല്‍ ഡാമും, ദേവിയാര്‍ വിയറും, അക്കാമല വിയറും പണിതതായി ഒന്‍പതാം നിയമസഭയുടെ പറമ്പിക്കുളം-മുല്ലപ്പെരിയാര്‍ നദീജല കരാര്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റി റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ചിറ്റൂര്‍ പുഴയുടെ കൈവഴികളായ നല്ലാര്‍ ഉള്‍പ്പെടെയുള്ള പുഴകളിലെ വെള്ളം കോണ്ടൂര്‍ കനാല്‍ മുഖാന്തിരം തടഞ്ഞ് തിരുമൂര്‍ത്തി ഡാമിലേക്കും ഉപ്പിലാറില്‍നിന്നും മറ്റ് അരുവികളില്‍നിന്നും ആളിയാറില്‍ നിര്‍ത്തേണ്ട ജലം ഒന്‍പത് ഭാഗത്ത് ഷട്ടറിട്ട് കടത്തിക്കൊണ്ടുപോവുന്നതായും സമിതി കണ്ടെത്തിയിരുന്നു.
ഷോളയാര്‍ റിസര്‍വോയറില്‍നിന്ന് രണ്ട് സ്പില്‍വേ നിര്‍മിച്ച് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിട്ടിട്ടുണ്ട്.
ഇത്രയധികം കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തി സര്‍ക്കാരിന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടാണ് തമിഴ്‌നാട് വീണ്ടും കനാല്‍ നിര്‍മാണം ഉള്‍പ്പെടെ കരാര്‍ ലംഘനം നടത്താന്‍ ധൈര്യം കാണിക്കുന്നത്.
1993 മാര്‍ച്ച് 31ന് അന്നത്തെ ചിറ്റൂര്‍ എം.എല്‍.എയായിരുന്ന കെ. കൃഷ്ണന്‍കുട്ടിയാണ് അന്തര്‍സംസ്ഥാന നദീതട കരാറുകളിലെ ലംഘനങ്ങളെക്കുറിച്ച് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് 1993 മെയ് 25ന് സ്പീക്കര്‍ ഇതിനെകുറിച്ച് പഠിക്കാന്‍ നിയമസഭ സമിതി രൂപവല്‍ക്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."