കൊടിയമ്മയില്‍ സ്കൂളില്‍ മോഷണം: 5.60 ലക്ഷം കവര്‍ന്നു
കുമ്പള: കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്കൂള്‍ കുത്തിത്തുറന്ന് 5.60 ലക്ഷം രൂപ കവര്‍ന്നു.
പ്രിന്‍സിപ്പല്‍ ഓഫിസിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്ന് സ്കൂള്‍ ഓഫിസ് മുറിയിലേക്ക് ഇടനാഴിയുണ്ട്. ഇതിലൂടെ ഓഫിസിലെത്തി അവിടെയുണ്ടായിരുന്ന മേശവലിപ്പ് കുത്തിപ്പൊളിച്ചാണ് പണം മോഷ്ടിച്ചത്.
ഓഫിസിലെ മൂന്ന് അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. ഓഫിസിലെ അലമാരയ്ക്കകത്തുണ്ടായിരുന്ന 60,000 രൂപയും സ്കൂളിന്റെ പുതിയ കെട്ടിട നിര്‍മാണത്തിനായി കരാറുകാരനു നല്കാന് ഓഫിസിലെ മേശയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.
ഇന്നലെ രാവിലെ സ്കൂള്‍ തുറക്കുാനെത്തിയ ജീവനക്കാരാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. അകത്തുകയറി നടത്തിയ പരിശോധനയില്‍ അലമാരകള്‍ കുത്തിത്തുറന്നത് കണ്ട ജീവനക്കാര്‍ പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അഹമ്മദ് നിസാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളില്‍ വിരലടയാള വിദഗ്ദരും പൊലിസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം കുമ്പള പൊലിസ് സ്റ്റേഷന് പരിധിയിലെ ബന്തടുക്കയില്‍ ഹോട്ടല്‍ വ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണത്തിന്റെ പ്രതികളായിരിക്കാം ഈ കവര്‍ച്ചക്കും പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."