ചരിത്രം തിരുത്തി കോഹ്‌ലി; കോഹ്‌ലീ, നീ മരണമാസാണ്...
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ചിലപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ വിചാരിക്കും ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയെ ദൈവം സൃഷ്ടിച്ചത് ക്രിക്കറ്റിലെ ഓരോ റെക്കോര്‍ഡുകളും പഴങ്കഥയാക്കാനാണോയെന്ന്, ബാറ്റെടുക്കുന്ന മത്സരങ്ങളിലധികവും ഏതെങ്കിലുമൊരു ചരിത്രം തിരുത്തിയാണ് താരം ക്രീസ് വിട്ടുപോകാറ്. ഈയിടെ കൂടുതല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഒന്നാമതെത്തിയ താരം വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും പുതിയൊരു റെക്കോര്‍ഡിനുടമയായി. ഈ മത്സരത്തില്‍ തന്റെ 43 ാം സെഞ്ചുറിയിലൂടെ ഇന്ത്യയെ വിജയതീരത്തെത്തിച്ച നായകന്‍ ഒരു ദശാബ്ദത്തില്‍ 20,000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന ബഹുമതിയും സ്വന്തമാക്കി. ഇങ്ങനെയൊരു നാഴികക്കല്ല് മുന്‍പ് ഒരു ക്രിക്കറ്റ് താരവും പിന്നിട്ടിട്ടില്ല എന്നതാണ് ഇവിടെ ഇന്ത്യന്‍ നായകന്റെ പെരുമ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നത്. ഇതാണ് ക്രിക്കറ്റ് ലോകം താരത്തെ മരണ മാസ് എന്ന ലേബലിലൂടെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്.
ഇതുവരെ കോഹ്‌ലി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലായി 20,502 നേടിക്കഴിഞ്ഞു. ഇതില്‍ 20,018 റണ്‍സാണ് ഈ പതിറ്റാണ്ടില്‍ മാത്രം കവര്‍ ഷോട്ട് മജീഷ്യന്റെ സമ്പാദ്യം. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് ഇതിനു മുന്‍പ് പത്തു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 18,962 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 16,777 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റര്‍ ജാക് കാലിസാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. മഹേല ജയര്‍ധനെ (16,304), കുമാര്‍ സംഗക്കാര (15,999), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15,962), രാഹുല്‍ ദ്രാവിഡ് (15,853), ഹാഷിം ആംല (15.185) എന്നിങ്ങനെ നീളുന്നു പട്ടിക. ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനെ അതിന്റെ മനോഹാരിതയോടും കളിയഴകോടെയും കാത്തുസൂക്ഷിക്കാന്‍ അധികനാള്‍ കോഹ്‌ലി ഉണ്ടാവുമെന്ന് ഓരോ ആരാധകരും വിശ്വസിക്കുന്നുണ്ടെന്നിരിക്കേ, ചരിത്രം കീഴ്‌മേല്‍ മറിയും. ഒപ്പം ലോക ക്രിക്കറ്റ് പ്രേമികള്‍ ബഹുമാനിക്കുന്നവരുടെ പട്ടികയില്‍ ഇടം നേടാന്‍ താരത്തിന് അധിക നാളൊന്നും വേണ്ടി വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."