റഫേല്‍ അഴിമതിയില്‍ എല്‍.ഡി.എഫ് പ്രതികരിക്കാത്തത് ലാവലിന്‍ കേസിലെ പേടികൊണ്ട്: കൊടിക്കുന്നില്‍
കൊല്ലം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി റാഫേല്‍ യുദ്ധവിമാന അഴിമതിയില്‍ സി.പി.എമ്മും എല്‍.ഡി.എഫും സമര രംഗത്തേക്കും അഴിമതിയെക്കുറിച്ച് പ്രതികരിക്കാത്തതും പിണറായുടെ ലാവലിന്‍ കേസിലെ പേടികൊണ്ടാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രതികരിച്ചാല്‍ ലാവലിന്‍ കേസ് വീണ്ടും ചര്‍ച്ചയാക്കുന്നതിനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭയമാണ് ബാര്‍ കോഴയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍.ഡി.എഫിനെ പിന്നോട്ടടിക്കുന്നത്. റാഫേല്‍ അഴിമതിയിലൂടെ രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് അവകാശപ്പെട്ടയാള്‍ കള്ളനായി മാറി.
റഫാല്‍ വിമാന ഇടപാടിലൂടെ അഴിമതിക്കാരനായി മാറിയ നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഇന്ധന വില വര്‍ധനവിനെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷയായി. ഡി.സി.സി ജന. സെക്രട്ടറി അന്‍സര്‍ അസീസ്, ജന. സെക്രട്ടറി നടുക്കുന്നില്‍ വിജയന്‍, നേതാക്കളായ ഡോ. ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി രാജന്‍, ജി. പ്രതാപവര്‍മ്മതമ്പാന്‍, എ. ഷാനവാസ്ഖാന്‍, എം.എം നസീര്‍, ജി. രതികുമാര്‍, ചാമക്കാല ജ്യോതികുമാര്‍, പുനലൂര്‍ മധു, എഴുകോണ്‍ നാരായണന്‍, കെ. സുരേഷ്ബാബു സംസാരിച്ചു.
റസ്റ്റ്ഹൗസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ നഗരം ചുറ്റി പോസ്റ്റ് ഓഫിസിന് മുന്നില്‍ സമാപിച്ചു. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഥയിലും ധര്‍ണയിലും പങ്കെടുത്തു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങള്‍, കെ.പി.സി.സി മെംബര്‍മാര്‍, ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി മെംബര്‍മാര്‍, ബ്ലോക്ക് മണ്ഡലം ബൂത്ത് പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."