കൊറിയയില്‍ ഉയരും അഞ്ജുവിന്റെ സ്മാഷ്
നീലേശ്വരം: ഇന്ത്യന്‍ ടീമില്‍ ഇടിമുഴക്കമായി വോളിബോള്‍ കോര്‍ട്ടില്‍ അഞ്ജു വീണ്ടും. കിനാനൂര്‍-കരിന്തളത്തെ നെല്ലിയടുക്കത്തുനിന്ന് ഇന്ത്യന്‍ വോളിയുടെ പ്രതിരോധനിരയ്‌ക്കൊപ്പമാണ് അഞ്ജു ബാലകൃഷ്ണനെന്ന വോളിബോള്‍ താരം ഇപ്രാവശ്യം കൊറിയയിലേക്ക് പറക്കുന്നത്.
നാളെ മുതല്‍ 25 വരെ നടക്കുന്ന സീനിയര്‍ ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള മഹാരാഷ്ട്രയിലെ ഔറഗാബാദിലുള്ള ഇന്ത്യന്‍ ക്യാംപിലാണ് അഞ്ജു ഇപ്പോള്‍. നെല്ലിയടുക്കം ചങ്ങാട്ടെ കെ. ബാലകൃഷ്ണന്‍-പി. പ്രേമലത ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവളായ അഞ്ജു ചെറുപ്രായത്തില്‍ വോളിബോള്‍ കളത്തിലെത്തി. നെല്ലിയടുക്കം റെഡ് സ്റ്റാര്‍ ക്ലബിലൂടെ കളിച്ചു വളര്‍ന്ന താരം ഇത് ആറാം തവണയാണ് ഇന്ത്യന്‍ കുപ്പായമണിയുന്നത്. 2012ല്‍ ജൂനിയര്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. തായ്‌ലന്‍ഡില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ക്ലബ് ചാംപ്യന്‍ഷിപ്പ്, ചൈനയില്‍ നടന്ന സീനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. കേരള- ജില്ലാ ടീമുകള്‍ക്ക് വേണ്ടിയും നിരവധി തവണ കളിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് മുതല്‍ വയനാട്ടിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനവും പരിശീലനവും കൊണ്ടുപോയത്. ഇപ്പോള്‍ തിരുവനന്തപുരം കെ.എസ്.ഇ.ബിയുടെ താരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."