കോണ്‍ഗ്രസിനെതിരേ വിമതപക്ഷത്തിന് വിജയം
കരുനാഗപ്പള്ളി: ദീര്‍ഘകാലമായി കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്നതും ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ നേരിടുന്നതുമായ കുലശേഖരപുരം 995-ാം നമ്പര്‍ സര്‍വിസ് സഹകരണസംഘം ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വിമതപക്ഷത്തിന് വിജയം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിലെ പതിനൊന്ന് പേരും പരാജയപ്പെട്ടു.
രണ്ടു പേര്‍ മാത്രമാണ് വിജയിച്ചത്. ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്ത മൂന്ന് നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ബാങ്കിനെതിരേ ഉയര്‍ന്നു വന്ന അഴിമതിയെ തുടര്‍ന്ന് പരസ്പരം ആരോപണം ഉന്നയിച്ച് രണ്ടു പാനലായി മത്സരിക്കുകയായിരുന്നു. റിബല്‍പാനല്‍ അവതരിപ്പിച്ച് തെരഞ്ഞെടുപ്പിലേക്ക് കൊണ്ടെത്തിക്കുന്നതിന് നേതൃത്വം നല്‍കിയതിന്റെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെയുംപേരിലാണ് രണ്ട് പഞ്ചായത്ത് മെംബര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദുകൃഷ്ണ പുറത്താക്കിയത്.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് വി.പി.എസ് മേനോന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററും പഞ്ചായത്ത് മെംബറുമായ അലാവുദ്ദീന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററും പഞ്ചായത്ത് അംഗവുമായ ശിവാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
നിലവിലുള്ള ഭരണസമിതിയില്‍ ദീര്‍ഘകാലമായി അധികാരത്തില്‍ തുടര്‍ന്നുവരുന്നവരെ ഭരണസമിതിയില്‍ നിന്നും മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനെന്ന പേരില്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്താനുള്ള തീരുമാനത്തിനെതിരേ മുന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പടെ രംഗത്തു വരികയായിരുന്നു.
ഇവര്‍ക്ക് സീറ്റ് നല്‍കാതെ പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന പാനലിനെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം അംഗീകാരം നല്‍കിയത്.നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാതെ ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരായ രേണുജി, മുസ്തഫ, ശിവാനന്ദന്‍, ശിവന്‍പിള്ള, മോഹനന്‍, ടി. ചന്ദ്രശേഖരപിള്ള, എന്‍.ആര്‍ രാജഗോപാല്‍, എച്ച്. ഹമീദ് കുഞ്ഞ്, അബ്ദുല്‍ സലാം, ജയശ്രീ, അംബിക എന്നിവരാണ് റിബല്‍ പാനലില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.
രാമചന്ദ്രന്‍ പിള്ള, രമ്യാ കൃഷ്ണന്‍ എന്നിവര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലില്‍ നിന്നു വിജയിച്ചത് . ഞായറാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ രാത്രി വൈകി ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനല്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലെ പരാജയം പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധിയും പൊട്ടിത്തെറിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."