200 കോടിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയെന്ന് പരാതി; പി.വി അന്‍വറിന് മൂന്നാമത്തെ നോട്ടിസ്
നിലമ്പൂര്‍: പാട്ടക്കരാര്‍ അവകാശം മാത്രമുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തം കമ്പനിയുടെ പേരില്‍ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍ ഇന്നു രാവിലെ 11ന് നേരില്‍ ഹാജരാകാന്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് ആലുവ ഭൂരേഖ തഹസില്‍ദാരുടെ മൂന്നാമത്തെ നോട്ടിസ്. കഴിഞ്ഞ മാസം 11ന് രേഖകള്‍ ഹാജരാക്കാന്‍ ആദ്യ നോട്ടിസ് വഴി ആവശ്യപ്പെട്ടിരുന്നെങ്കിലും പി.വി അന്‍വറിനു വേണ്ടി ഹാജരായ അഭിഭാഷകന് രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു.
തഹസില്‍ദാരുടെ നോട്ടിസ് പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ പ്രൈവറ്റ് ലിമിറ്റഡ് പ്രൈവറ്റ് ലിമിറ്റഡ്, 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂര്‍ എന്ന കമ്പനി വിലാസത്തില്‍ അയച്ചെങ്കിലും കൈപ്പറ്റാതെ മടങ്ങുകയായിരുന്നു. അഭിഭാഷകന്‍ നല്‍കിയ പി.വി അന്‍വര്‍, മാനേജിങ് ഡയറക്ടര്‍ പീവീസ് റിയല്‍റ്റേഴ്‌സ് 501, കുഴിവേലിപ്പടി, എടത്തല, എറണാകുളം എന്ന പുതിയ വിലാസത്തിലാണ് രണ്ടാമത്തെ നോട്ടിസ് അയച്ചിരുന്നത്. ഓഗസ്റ്റ് ഒന്നിന് നടന്ന ഹിയറിങിലും അന്‍വറിനു വേണ്ടി ഹാജരായ അഭിഭാഷകന് രേഖകള്‍ ഹാജരാക്കാനായില്ല.
വീണ്ടും സമയം ആവശ്യപ്പെട്ടതോടെ വിചാരണ 13ലേക്കു മാറ്റുകയായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 13ന് വിചാരണ നടത്താനായില്ല. തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ എടത്തലയിലെ സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോര്‍ട്ടിനുമായി നിര്‍മിച്ച എട്ടുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി പി.വി അന്‍വര്‍ എം.എല്‍.എ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നികുതി അടച്ച് സ്വന്തമാക്കിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."